പ്രളയത്തെത്തുടര്‍ന്ന് തീര്‍ഥാടകരെത്തുന്ന വിവിധ കുളിക്കടവുകളില്‍ അപകടകരമായ സ്ഥിതിയുള്ളതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ബാരിക്കേഡുകള്‍ നിര്‍മിക്കുകയും ചെയ്യണമെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തി എല്ലാ കുളിക്കടവുകളിലും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്കി.
ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബും സജ്ജമാക്കിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് മിക്ക റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു. അടൂര്‍ - പത്തനംതിട്ട, പെരുനാട് - പെരുന്തേനരുവി എന്നീ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും. ചേത്തോങ്കര - അത്തിക്കയം റോഡിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായാലുടന്‍ നിര്‍മാണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി 300 ബസുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മിഷന്‍ഗ്രീന്‍ ശബരിമലയുടെ ഭാഗമായി വിതരണത്തിനുള്ള തുണിസഞ്ചികള്‍ തയാറായിട്ടുണ്ട്. ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനയ്ക്കായി ജില്ലയില്‍ നാല് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
തീര്‍ഥാടന പാതയില്‍ മൊബൈല്‍ കവറേജ് ഉറപ്പാക്കുന്നതിനായി ബിഎസ്എന്‍എല്‍ 12 താത്കാലിക ടവറുകള്‍ സ്ഥാപിച്ചു. ഫയര്‍ഫോഴ്സ് സന്നിധാനത്ത് 66ഉം പമ്പയില്‍ 72ഉം നിലയ്ക്കലില്‍ 56ഉം ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയില്‍ ഏഴും നിലയ്ക്കലില്‍ എട്ടും പ്ലാപ്പള്ളിയില്‍ ആറും പന്തളത്ത് മൂന്നും ഫയര്‍ ഫൈറ്റിംഗ് വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഇതരവകുപ്പുകളും സജീവമായി
10:20 PM Nov 16, 2018 | Deepika.com