മലപ്പുറം: മാതൃകാ പ്രീ പ്രൈമറിക്ക് ജില്ലയിൽ തുടക്കമായി. പൂക്കോട്ടൂർ പഞ്ചായത്തിലെ ഓൾഡ് ഗവണ്മെന്റ് എൽപി സ്കൂളിലാണ് മാതൃക പ്രീ പ്രൈമറി തുടങ്ങിയത്.
ജില്ലയിലെ എല്ലാ പ്രീ പ്രൈമറി വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും ആവശ്യമായ സംവിധാനങ്ങൾ നൽകുന്നതിലൂടെ ജില്ലയിലെ പ്രീ പ്രൈമറി പഠനം ഇനി മധുരമേറിയതാകും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രീ പ്രൈമറി വിഭാഗം ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷയുടെ കീഴിൽ ഓരോ ബിആർസി പരിധിയിലും രണ്ടു വീതം പ്രീപ്രൈമറികളെ മാതൃകാ പ്രീ പ്രൈമറികളായി ഉയർത്തുന്നത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുമയ്യ അധ്യക്ഷയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ പദ്ധതി രേഖ പ്രകാശനം ചെയ്തു. വിദ്യഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ പദ്ധതി രേഖ ഏറ്റുവാങ്ങി. മലപ്പുറം ബിപിഒ ടോമിമാത്യൂ, വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് മൻസൂർ, വി.കെ മുഹമ്മദ്, ഷാഹിന, ജില്ലാ പ്രോഗ്രാം ഓഫീസർ ടി. രത്നാകരൻ, എഇഒമാരായ പി. ഹുസൈൻ, കെ.ഇഖ്ബാൽ, പിടിഎ പ്രസിഡന്റ് വി.പി സലീം, എസ്എംസി ചെയർമാൻ ഇല്ലിക്കൽ നാരായണൻ, ജില്ലാ പ്രോഗ്രാം ഓഫീസറായ ടി.വി മോഹന കൃഷ്ണൻ, പ്രധാനാധ്യാപിക ഗായത്രി എന്നിവർ പ്രസംഗിച്ചു.
പ്രീപ്രൈമറി പഠനത്തിന് ഇനി മധുരമേറും
01:00 AM Nov 16, 2018 | Deepika.com