പന്പ യാത്രാനിരക്കിൽ വർധന; പ്രതിഷേധത്തേ തുടർന്ന് പിൻവലിച്ചു

10:32 PM Nov 14, 2018 | Deepika.com
പത്തനംതിട്ട: ശബരിമല തീർഥാടനം നാളെ തുടങ്ങാനിരിക്കെ കെഎസ്ആർടിസി പത്തനംതിട്ട - പന്പ സർവീസിന്‍റെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് വിവാദത്തിൽ.ഇന്നലെ രാവിലെ പത്തനംതിട്ടയിൽ നിന്നും പന്പയിലേക്ക് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചർ ബസിലാണ് നിരക്ക് വർധനയുണ്ടായത്.
77 രൂപയായിരുന്ന യാത്രാനിരക്ക് 30 ശതമാനം വർധിപ്പിച്ച് നൂറ് രൂപയാക്കി. പ്രതിഷേധത്തെ തുടർന്ന് അനുമതിയില്ലാതെ അധിക ചാർജ് ഈടാക്കിയെന്ന പേരിൽ പത്തനംതിട്ട ഡിടിഒ മനേഷിനെ തൊടുപുഴയ്ക്ക് സ്ഥലം മാറ്റി. തൊടുപുഴ ഡിടിഒയ്ക്ക് പത്തനംതിട്ടയുടെ ചുമതല നൽകി.
പഴയ നിരക്കായ 77രൂപ പുന:സ്ഥാപിച്ചതായും അധികൃതർ പറഞ്ഞു. എന്നാൽ പുതിയ നിരക്ക് ഈടാക്കാൻ കോടതിയുടെ അനുവാദമുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
ഇത് എന്നു മുതൽ പ്രാബല്യത്തിലാകുമെന്ന് തീരുമാനിച്ചിട്ടില്ല.ഇന്നലെ രാവിലെ പത്തനംതിട്ടയിൽ നിന്ന് പന്പയ്ക്കു പോയ സ്പെഷൽ സർവീസ് ബസിലാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. കെഎസ്ആർടിസിയുടെ ശബരിമല സ്പെഷൽ സർവീസുകളുടെ നിരക്ക് 30 ശതമാനം വർധിപ്പിച്ചിരുന്നു. കന്നിമാസ പൂജയ്ക്കു തന്നെ നിലയ്ക്കലിൽ നിന്ന് പന്പയിലേക്കുളള ടിക്കറ്റ് നിരക്ക് 31ൽ നിന്ന് 40രൂപയാക്കി നടപ്പാക്കുകയും ചെയ്തു. ഫെയർസ്റ്റേജിലെ വർധന കാരണം പന്പയിൽ നിന്നുള്ള മറ്റു റൂട്ടുകളിലും ആനുപാതിക നിരക്ക് വർധന സ്വാഭാവികമാണെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.
എന്നാൽ, മറ്റു ഡിപ്പോകളിൽ നിന്നുളള സ്പെഷൽ സർവീസുകൾ പഴയ നിരക്കിലാണ് ചാർജ് ഈടാക്കിയിരുന്നത്. രണ്ടു ദിവസം മുന്പ് വർധിപ്പിച്ച നിരക്ക് ടിക്കറ്റ് മെഷിനിൽ ഫീഡ് ചെയ്യാൻ തിരുവനന്തപുരത്തെ ചീഫ് ട്രാൻസ്പോർട്ട് ഓഫീസറുടെ ഉത്തരവുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. ഇതുപ്രകാരം പുതിയ നിരക്കിലുളള ടിക്കറ്റ് മെഷിനുമായിട്ടാണ് കണ്ടക്ടർ ബസിൽ കയറിയത്. യാത്രക്കാർക്ക് പുതിയ നിരക്കിലെ ടിക്കറ്റ് നൽകിയപ്പോൾ പ്രതിഷേധമുയർന്നു.
പത്തനംതിട്ട സ്റ്റേഷൻമാസ്റ്റർ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ ഉപരോധവും നടത്തി. പുതിയ നിരക്ക് ഈടാക്കിത്തുടങ്ങാൻ നിർദേശിച്ചിട്ടില്ലെന്നും പഴയ നിരക്കിൽ ടിക്കറ്റ് നൽകണമെന്നും ഇതിനിടെ ചീഫ് ഓഫീസിൽ നിന്ന് നിർദേശം വന്നു.