കുണ്ടായി എസ്റ്റേറ്റിലെ കളനാശിനി പ്രയോഗം നിർത്തിവയ്ക്കണം
12:27 AM Nov 06, 2018 | Deepika.com
പുതുക്കാട്: പാലപ്പിള്ളി ഹാരിസണ് മലയാളം കന്പനിയുടെ കുണ്ടായി എസ്റ്റേറ്റിൽ ദിവസങ്ങളായി നടന്നു വരുന്ന കളനാശിനി പ്രയോഗം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പരാതി. വരന്തരപ്പിള്ളി പഞ്ചായത്ത്, ജില്ലാ ഫോറസ്റ്റ് ഓഫീസർ, ആരോഗ്യ വകുപ്പ്, കൃഷി ഓഫീസർ എന്നിവർക്കാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പരാതി നൽകിയത്. മുപ്ലി പുഴയോടു ചേർന്നുള്ള ഭാഗങ്ങളിൽ റബർ തോട്ടങ്ങളിലെ കളകൾ നശിപ്പിക്കാൻ നിരോധിക്കപ്പെട്ട മരുന്നുകൾ ഉപയോഗിക്കുന്നതായി ശാസ്ത്രസാഹിത്യ പരിഷത്ത് പാലപ്പിള്ളി യൂണിറ്റ് ആരോപിച്ചു. തോട്ടങ്ങളിൽ നിരോധിക്കപ്പെട്ട മരുന്നുകൾ പ്രയോഗിക്കുന്നതുമൂലം പുഴയും മറ്റു ജലസ്രോതസ്സുകളും മലിനമാകാനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതിനും സാധ്യതയുണ്ടെന്ന് പരാതിയിൽ പറയുന്നു.