പെരിന്തൽമണ്ണ: കൗണ്‍സിൽ തീരുമാനം അട്ടിമറിച്ച് മാലിന്യ ശേഖരണത്തിനു വ്യാപാര സ്ഥാപനങ്ങളിൽ നിന്നു അന്യായമായി യൂസർ ഫീ ചുമത്തിയ ജീവനം സൊല്യൂഷൻസിന്റെ നടപടിക്കെതിരായി പ്രതിപക്ഷ കൗണ്‍സിലർമാർ നഗരസഭാ ഓഫീസ് കവാടത്തിൽ പ്രതിഷേധ സമരം നടത്തി.
സമരം സൂചനയാണെന്നും അടിയന്തരമായി ഫീസ് വർധനവ് പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ഓഫീസ് സ്തംഭിപ്പിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമരക്കാർ പറഞ്ഞു. വ്യാപാരികളെ മുഖ്യശത്രുക്കളായി കാണുന്ന ചെയർമാന്റെ സമീപനം ധിക്കാരപരമാണെന്നു ആരോപിച്ചു. പ്രതിപക്ഷ കൗണ്‍സിലർമാരെ വ്യാപാരികളുടെ ബിനാമികളാക്കിയ ചെയർമാന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ എ.ആർ.ചന്ദ്രൻ, കണ്‍വീനർ പത്തത്ത് ജാഫർ, കൗണ്‍സിലർമാരായ ഉസ്മാൻ താമരത്ത്, കിഴിശേരി ബാപ്പു, അൻവർ കളത്തിൽ, തെക്കത്ത് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. സമരത്തിന് അലീന മറിയം, ഹുസൈന നാസർ, പി. നിഷ, മൈമൂന പട്ടാണി, റജ്ന ഷൈജൽ, കെ.ടി ഹന്ന. ജംനബിൻത്. ആസ്യ സലീം, ഇ.പി.അരുണ്‍ എന്നിവർ നേതൃത്വം നൽകി.
യൂസർ ഫീ: പെരിന്തൽമണ്ണയിൽ പ്രതിപക്ഷ കൗണ്‍സിലർ സമരം നടത്തി
12:01 AM Nov 06, 2018 | Deepika.com