മലപ്പുറം: അനാഥ അഗതിദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മദർ തെരേസ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പടിഞ്ഞാറ്റുമുറി ഫസ്ഫരി എഡ്യൂക്കേഷണൽ കോംപ്ലക്സിൽ നടത്തിയ പരിപാടി ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. മദർ തെരേസയുടെ ജീവിതം സാമൂഹ്യപ്രവർത്തകർക്ക് ഒരു പാഠപുസ്തകം ആണെന്നു അദ്ദേഹം പറഞ്ഞു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടിൽ അധ്യക്ഷയായിരുന്നു.
ഫാ. കെ.എസ്. ജോസഫ്് മദർ തെരേസ അനുസ്മരണ പ്രഭാഷണം നടത്തി. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഹറാബി, ജില്ലാ പ്രൊബേഷൻ ഓഫീസർ സമീർ മച്ചിങ്ങൽ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഗീതാജ്ഞലി, ഫസ്ഫരി എഡ്യൂക്കേഷണൽ കോംപ്ലക്സ് മാനേജർ ഡോ. അബ്ദുറഹിമാൻ മുബാറക്ക്, ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. അബ്ദുള്ള, കെ. കൃഷ്ണമൂർത്തി, ഷെരീഫ് ഷൂജ, മൂസമ്മൽ എന്നിവർ പ്രസംഗിച്ചു. മദർ തേരേസയുടെ ജീവിതം അടിസ്ഥാനമാക്കി തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു.
മദർ തെരേസ അനുസ്മരണ സമ്മേളനം
12:48 AM Nov 04, 2018 | Deepika.com