കേട്ടെഴുത്ത് നയിച്ചത് കളക്ടർ, സോണി സാംസണ് ഒന്നാംസ്ഥാനം
10:52 PM Nov 03, 2018 | Deepika.com
പത്തനംതിട്ട: ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കുള്ള കേട്ടെഴുത്ത് മത്സരം ജില്ലാ കളക്ടർ പി.ബി. നൂഹ് നേരിട്ട് നടത്തി. 25 വാക്കുകളായിരുന്നു കേട്ടെഴുത്ത് മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 21 മാർക്ക് നേടി കളക്ടറേറ്റിലെ സോണി സാംസണ് ഡാനിയൽ ഒന്നാം സ്ഥാനം നേടി. 20 മാർക്ക് നേടിയ കളക്ടറേറ്റിലെ റിനി റോസ് തോമസിന് രണ്ടാം സ്ഥാനവും 19 മാർക്ക് വീതം നേടി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഷെബി ഷാജഹാനും കളക്ടറേറ്റിലെ എം.ജി.ശ്രീകലയും മൂന്നാം സ്ഥാനവും നേടി. സാധാരണ ഉപയോഗിക്കാത്തതും ബുദ്ധിമുട്ടുള്ളതുമായ മലയാള പദങ്ങളായിരുന്നു കേട്ടെഴുത്തിന് തെരഞ്ഞെടുത്തതെങ്കിലും പങ്കെടുത്ത ജീവനക്കാരിൽ ഭൂരിപക്ഷവും ശരാശരിക്കുമേൽ നിലവാരം പുലർത്തി. തുടർന്ന് നടന്ന ഫയലെഴുത്ത് മത്സരത്തിൽ കളക്ടറേറ്റിലെ റിനി റോസ് തോമസ് 20ൽ 18 മാർക്കോടെ ഒന്നാം സ്ഥാനവും കളക്ടറേറ്റിലെ ലേഖ കെ.എസ്. 17.5 മാർക്കോടെ രണ്ടാം സ്ഥാനവും 17 മാർക്കോടെ കളക്ടറേറ്റിലെ തന്നെ ജൂണിയർ സൂപ്രണ്ട് സി.ജി.എൽ ഷിലിൻ, എ. റജീന എന്നിവർ മൂന്നാം സ്ഥാനവും നേടി. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിൽ ന നടന്നുവരുന്ന വിവിധ പരിപാടികൾ ഏഴിന് സമാപിക്കും.