മലപ്പുറം: സൻസദ് ആദർശ് ഗ്രാം യോജനക്ക് കീഴിൽ പുൽപ്പറ്റ, വള്ളിക്കുന്ന് പഞ്ചായത്തുകളിൽ നടപ്പാക്കുന്ന പദ്ധതികൾ ഡിസംബറിൽ പൂർത്തിയാക്കണമെന്നു പി.കെ കുഞ്ഞാലിക്കുട്ടി എംപി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ ആദർശ് ഗ്രാമം അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം മണ്ഡലത്തിൽ പുൽപ്പറ്റ, വള്ളിക്കുന്ന് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്.
അടുത്ത ഘട്ടത്തിൽ മുതുവല്ലൂർ പഞ്ചായത്ത് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ആദർശ് ഗ്രാമം പദ്ധതിക്കായി മലപ്പുറം മണ്ഡലത്തിൽ ആദ്യം തെരഞ്ഞെടുത്ത പഞ്ചായത്താണ് പുൽപ്പറ്റ. 72 പദ്ധതികളാണ് പുൽപ്പറ്റയിൽ ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 38 എണ്ണം പൂർത്തിയാക്കി. 18 എണ്ണം പുരോഗതിയിലാണ്. വള്ളിക്കുന്നിൽ 49 പദ്ധതികൾ ഏറ്റെടുത്തതിൽ രണ്ടെണ്ണം പൂർത്തിയാക്കി. ഒന്‍പതെണ്ണം പുരോഗതിയിലാണ്.
ശേഷിക്കുന്ന പദ്ധതികളുടെ പ്രവർത്തനം ഉടൻ തുടങ്ങും. വള്ളിക്കുന്ന് പഞ്ചായത്തിൽ ഏറ്റെടുത്ത പദ്ധതികൾ വേഗത്തിൽ നിർമാണം തുടങ്ങണമെന്നും പൂർത്തിയാക്കണമെന്നും എംപി നിർദേശിച്ചു. മുതുവല്ലൂർ പഞ്ചായത്തിൽ നടപ്പാക്കാൻ ഉദശിക്കുന്ന പദ്ധതികളുടെ പ്ലാനും എസ്റ്റിമേറ്റും ഡിസംബർ 15നകം നൽകാനും നിർദേശം നൽകി. എഡിഎം വി. രാമചന്ദ്രൻ, ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ കെ. പ്രദീപൻ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആദർശ് ഗ്രാമം: പദ്ധതികൾ ഡിസംബറിൽ പൂർത്തിയാക്കണമെന്ന്
12:02 AM Nov 01, 2018 | Deepika.com