നിലന്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കേരഗ്രാമം പദ്ധതി 70 ശതമാനം പൂർത്തിയായി. പഞ്ചായത്തിലെ 250 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. 1978 കേരകർഷകർ പദ്ധതിയിൽ അംഗമായിട്ടുണ്ട്. ഒരു തെങ്ങു മുതൽ 350 തെങ്ങുവരെയുള്ള കർഷകർ പദ്ധതിയിൽ അംഗങ്ങളായുണ്ട്. ഒന്നാം ഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ കേരകർഷകരുടെയും കണക്കെടുപ്പ് നടത്തിയാണ് പദ്ധതി തുടങ്ങിയത്.
തുടർന്നു വാർഡു തലങ്ങളിൽ കേരസമിതികൾ രൂപവത്കരിച്ചു. പഞ്ചായത്തുതലത്തിൽ കേര സൊസൈറ്റികൾ രൂപവത്കരിച്ചു രജിസ്ട്രേഷനും നടത്തി. തെങ്ങുകൾക്കാവശ്യമായ വിവിധ വളങ്ങൾ ഇറക്കുന്ന പ്രവൃത്തിയും പൂർത്തിയായി. മത്സ്യഫെഡിന്റെ വളം, വേപ്പിൻ പിണ്ണാക്ക്, മഗ്നീഷ്യം സൾഫൈറ്റ്, ഡോളോമെറ്റ് തുടങ്ങിയ വളങ്ങളാണ് കർഷകർക്കു നൽകിയത്. പദ്ധതിയനുസരിച്ചു മറ്റു തെങ്ങുകൾക്കിടയിൽ നിൽക്കുന്ന കേടുവന്ന തെങ്ങുകൾ വെട്ടിമാറ്റാൻ തെങ്ങൊന്നിനു 1000 രൂപ വീതം നൽകിവരുന്നുണ്ട്. കൂട്ടത്തിൽ ഒരു തെങ്ങ് കേടുവന്നതുണ്ടെങ്കിൽ സമീപത്തുള്ള മറ്റു പത്തു തെങ്ങുകൾ കേടുവരാൻ ഇതു കാരണമാകാം. അത്തരത്തിൽ മുൻകരുതൽ നടത്തി നിലവിലുള്ളവയെ സംരക്ഷിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. വെട്ടിമാറ്റുന്ന തെങ്ങുകൾക്കു പകരം തെങ്ങിൻ തൈകളും നൽകുന്നുണ്ട്.
തെങ്ങിന്റെ തടത്തിൽ പയർ വിതച്ച് ചൂട് കുറയ്ക്കാനുള്ള പദ്ധതികൾക്കു പുറമെ ഇടവിളകൾക്കും സഹായം നൽകുന്നു. ഒരേക്കറിൽ 100 ശീമക്കൊന്നകൾ നടുന്നവർക്കാണ് ഇടവിളയായി കുരുമുളക് പോലെയുള്ള വിളകൾക്കു സഹായം നൽകുന്നത്. ഓരോ തെങ്ങുകളും ഇൻഷ്വർ ചെയ്യണമെന്ന് കർശന നിബന്ധനയുണ്ട്. തെങ്ങൊന്നിനു അഞ്ചു രൂപയാണ് ഇൻഷ്വറൻസ് നിരക്ക്. മൂന്നു വർഷത്തേക്ക് ഇൻഷ്വറൻസ് നിർബന്ധമാണ്. ചാലിയാർ പഞ്ചായത്തിൽ പദ്ധതി ഫലപ്രാപ്തിയിലെത്തുന്നതോടെ നിലവിൽ വാളാന്തോട് ഭാഗത്തു ഉപയോഗിക്കുന്ന മാരകവിഷമുള്ള കളനാശിനികളുടെ ഉപയോഗം കുറയുമെന്നു കൃഷി വകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. പല കർഷകരും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് മാരക വിഷമുള്ള കളനാശിനികൾ കൊണ്ടുവരുന്നത്.
പ്രളയം ഏറെ ബാധിച്ച പഞ്ചായത്തിലൊന്നാണ് ചാലിയാർ. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മണ്ണിൽ അസിഡിറ്റി വർധിച്ച് മണ്ണിന്റെ ഘടനയിൽ കാര്യമായ മാറ്റം വന്നതായി കൃഷി ഓഫീസർ ഉമ്മർകോയ പറഞ്ഞു. ഇതു പൂർവസ്ഥിതിയിലാക്കാനുള്ള വളപ്രയോഗങ്ങളാണ് കൃഷി വകുപ്പ് നിർദേശിക്കുന്നത്. പഞ്ചായത്തിൽ രാഷ്ട്രീയ കൃഷി വികാസ് യോജന അനുസരിച്ച് 70 ഹെക്ടർ സ്ഥലത്ത് വാഴകൃഷിയും തുടങ്ങുന്നുണ്ട്. സംസ്ഥാന ഹോർട്ടികോർപ്പുമായി ചേർന്നാണ് വാഴ കൃഷി പദ്ധതി നടപ്പാക്കുക.
ചാലിയാറിൽ കേരഗ്രാമം പദ്ധതി വിജയത്തിലേക്ക്
12:02 AM Nov 01, 2018 | Deepika.com