തിരൂർ: പറവണ്ണ മുറിവഴിക്കലിലെ വീട്ടുമുറ്റത്തു നിർത്തിയിട്ട തിരൂർ പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ അബ്ദുൾ ഷുക്കൂറിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ. ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. സമീപത്തു താമസിക്കുന്ന സഹോദരന്റെ വീട്ടുകാർ വെളിച്ചം കണ്ടു പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നതു കണ്ടത്. തുടർന്നു തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബൈക്ക് പൂർണമായും കത്തിയമർന്നിട്ടുണ്ട്. ഇരുന്പു ഭാഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
വീട്ടിൽ ആരുമില്ലാത്ത സമയമായിരുന്നു. പറവണ്ണയിൽ അടുത്തിടെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ടു പോലീസിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. തിരൂർ ഡിവൈഎസ്പി ബിജു ഭാസ്ക്കർ, സിഐ അബ്ദുൾബഷീർ, താനൂർ സിഐ എം.ഐ ഷാജി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കൂടുതൽ അന്വേഷണത്തിനു ശേഷമേ സംഭവത്തിനു പിന്നിൽ എന്താണെന്ന് പറയാൻ സാധിക്കുകയുള്ളൂവെന്നു ഡിവൈഎസ്പി ബിജുഭാസ്കർ പറഞ്ഞു.
എഎസ്ഐയുടെ ബൈക്ക് കത്തിച്ച നിലയിൽ
12:02 AM Nov 01, 2018 | Deepika.com