പത്തനംതിട്ട: സാമൂഹ്യപ്രവർത്തക ഡോ. എം.എസ്. സുനിൽ നിരാശ്രയരായ ഭവനരഹിതർക്കു നിർമിച്ചു നല്കുന്ന 106-ാമത്തെ വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജില്ലാ കളക്ടർ പി.ബി. നൂഹ് നിർവഹിച്ചു.
വർഷങ്ങൾക്കു മുന്പ് പഞ്ചായത്തിൽ നിന്നും അനുവദിച്ച തുക വാങ്ങുകയും വീട് വയ്ക്കാൻ കഴിയാതെ തറ കെട്ടിയ കല്ലിളക്കി അതിര് കെട്ടുകയും പിന്നീട് വീടില്ലാത്ത അവസ്ഥയിൽ തന്നെ കഴിയുകയായിരുന്നു വലഞ്ചുഴി വെളുന്പച്ചേരിൽ ശ്യാമളയും കുടുംബവും.
ഇവരുടെ ദയനീയസ്ഥിതി മനസിലാക്കി പഞ്ചായത്തിൽ നിന്നും കിട്ടാനുള്ള ബാക്കിതുകയായ 140000 രൂപയും മർത്തമറിയം സമാജം നല്കിയ ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് ഡോ. എം.എസ്. സുനിൽ രണ്ടു മുറിയും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നല്കിയത്.
ചടങ്ങിൽ പഞ്ചായത്തംഗം പ്രസന്നകുമാരി, കെ.പി. ജയലാൽ, അഖിൽ അലക്സ്, നവനീത്, രാജീവ് എന്നിവർ പ്രസംഗിച്ചു.
ഡോ. എം.എസ്. സുനിലിന്റെ 106-ാമത്തെ വീട് വിധവയായ ശ്യാമളയ്ക്കും കുടുംബത്തിനും
10:43 PM Oct 07, 2018 | Deepika.com