പത്തനംതിട്ട: ഓണം വിപണിയെ ലക്ഷ്യമിട്ട് ജില്ലയിലേക്കുള്ള വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയുന്നതിന് എക്സൈസ് പോലീസ് ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്. ഗിരിജ. വ്യാജമദ്യ നിയന്ത്രണം സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചും കൂടുതല്‍ ആളുകള്‍ എത്തപ്പെടുന്ന റെയില്വേസ്റ്റേഷന്, ബസ്റ്റേഷനുകള് എന്നിവ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കും. ജില്ലയില്‍ മയക്കുമരുന്നിന്റെ വ്യാപനം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇടനല്‍കാത്ത നടപടികള്‍ സ്വീകരിക്കും. സ്കൂളുകളുടെയും മറ്റു പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്പന ഇപ്പോഴും നടക്കുന്നതായി പരാതികള്‍ ഉള്ളതായും ഇക്കാര്യത്തില്‍ എക്സൈസ് വകുപ്പ് കൂടുതല്‍ ഊര്‍ജിതമായ പരിശോധനകള്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ കഴിഞ്ഞമാസം 658 റെയ്ഡുകള്‍ നടത്തി 84 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്ത് എന്‍ഡിപിഎസ് കേസുകളിലായി 83 പ്രതികളെ അറസ്റ്റു ചെയ്തു. 24.3 ലിറ്റര്‍ ചാരായം, 131.9 ലിറ്റര്‍ വിദേശമദ്യം, 23.4 ലിറ്റര്‍ ബിയര്‍, 1000 ലിറ്റര്‍ കോട , 122.9 അരിഷ്ടം, 2.534 കിലോ ഗ്രാം കഞ്ചാവ്, 27 ലിറ്റര്‍ കള്ള് എന്നിവ കണ്ടെടുത്തു. 2377 വാഹനങ്ങളിള്‍ പരിശോധന നടത്തി. രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. കോപ്ട ആക് ട് പ്രകാരം 249 കേസുകളിലായി 49,800 രൂപ പിഴ ചുമത്തി. യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അബ്ദുല്‍ റഷീദ്, നാര്‍കോട്ടിക് ഡിവൈഎസ്പി ആര്. പ്രദീപ്, കമ്മിറ്റിയംഗങ്ങളായ ഭേഷജം പ്രസന്നകുമാര്‍, ജയചന്ദ്രന് ഉണ്ണിത്താന്, പി. വി. എബ്രഹാം വര്‍ഗീസ്, ബേബിക്കുട്ടി ഡാനിയേല്‍, നൗഷാദ് കണ്ണങ്കര, പി. എസ്. ശശി, പി. രവീന്ദ്രന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണക്കാലത്ത് വ്യാജമദ്യം തടയാന്‍ പരിശോധന ശക്തമാക്കും: ജില്ലാ കളക്ടര്‍
10:08 PM Jul 28, 2017 | Deepika.com