കാളികാവ്: ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന റസലും റാസിയും കഴിഞ്ഞ ഒരു വർഷക്കാലയളവിൽ കണ്ടതും കേട്ടതുമായ അനുഭവങ്ങളെ പദ്യരൂപത്തിൽ തയ്യറാക്കിയ കവിതാ സമാഹാരങ്ങളായ ‘നീലത്തിരമാല’, ‘നീലാകാശത്തിലൊരു കളിവീട് ’ എന്നീ പേരിലുള്ള രണ്ട് പുസ്തകങ്ങൾ കവി അക്കിത്തം പ്രകാശനം ചെയ്തു.
കവിതകൾ ആസ്വദിച്ച കവി ഇരുവരേയും അഭിനന്ദിച്ചു. കവിതകൾ എഴുതിക്കൊണ്ടേയിരിക്കുക അത് നല്ലതാണോ ചീത്തയാണോ എന്ന് നോക്കേണ്ടതി ല്ല . രണ്ടാളുടെയും പുസ്തകത്തിൽ അത് അങ്ങനെ തന്നെ കിടക്കട്ടെ. കുറേ കഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ തോന്നും അതിൽ കുറച്ച് മാറ്റം വരുത്തണം എന്നും അതിന് വേറേ ആളു വേണ്ടെന്നും. നിങ്ങൾ തന്നെ അതിൽ മാറ്റം വരുത്തും. അങ്ങനെയങ്ങനെ വളർച്ചയുണ്ടാകും മഹാകവി ഉപദേശിച്ചു.
കൃഷ്ണൻ പൂക്കിപ്പറന്പ് ആശംസകൾ നേർന്നു. കഴിഞ്ഞവർഷം ഇരുവരുടേയും പുസ്തകങ്ങളായ ‘മരത്തിന്റെ ഇലകൾ’, ‘മഴവില്ല് കാണാം’ എന്നിവ എം.ടി വാസുദേവൻ നായർ പ്രകാശനം ചെയ്തിരുന്നു.
കാളികാവ് അന്പലക്കടവ് സ്കുളിലെ ഒന്നും രണ്ടും ക്ലാസ് വിദ്യാർഥികളായ റസലും റാസിയും ഫസലുദ്ദീൻ-ഫമിദ ദന്പതികളുടെ മക്കളാണ്.
റസലിന്റെയും റാസിയുടെയും പുസ്തകങ്ങൾ മഹാകവി അക്കിത്തം പ്രകാശനം ചെയ്തു
12:12 AM Apr 06, 2017 | Deepika.com