തിരുവല്ല: നഗരസഭ ചെയർമാൻ കെ.വി. വർഗീസിനെതിരെ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം നൽകിയ അവിശ്വാസ നോട്ടീസിൽ ഒപ്പുവച്ചത് നാല് കോൺഗ്രസ് അംഗങ്ങൾ മാത്രം.
ഏഴ് കോൺഗ്രസ് കൗൺസിലർമാർ നോട്ടീസിൽ ഒപ്പുവയ്ക്കാതെ മാറിനിന്നു.പാർട്ടി ധാരണപ്രകാരം നിശ്ചിത കാലാവധിയിൽ രാജിവയ്ക്കാതിരുന്ന ചെയർമാനെതിരെ ഡിസിസി നേതൃത്വത്തിന്റെ നിർദേശത്തിലാണ് അവിശ്വാസത്തിനു നോട്ടീസ് നൽകിയിരിക്കുന്നത്.
14 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് ഇന്നലെ നഗരകാര്യ കൊല്ലം റീജിയണൽ ഡയറക്ടർക്കു സമർപ്പിച്ചു. കേരള കോൺഗ്രസ് എമ്മിലെ ഒന്പത് കൗൺസിലർമാരും കോൺഗ്രസിലെ നാലു പേരും ആർഎസ്പിയിലെ ഒരു അംഗവുമാണ് അവിശ്വാസത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
കേരള കോൺഗ്രസ് എമ്മിലെ ഒരു അംഗവും അവിശ്വാസത്തിൽ ഒപ്പുവച്ചിട്ടില്ല. ഇതിനിടെ ഒപ്പുവയ്ക്കാതിരുന്നവരിൽ രണ്ട് കോൺഗ്രസ് കൗൺസിലർമാരും ഒരു കേരള കോൺഗ്രസ് അംഗവും മൂന്നുമാസത്തേക്ക് കൗൺസിലിൽ നിന്ന് അവധിക്ക് അപേക്ഷ നൽകി. പാർട്ടി നിർദേശപ്രകാരമുള്ള അവിശ്വാസ നോട്ടീസിൽ ഒപ്പുവയ്ക്കാതിരുന്ന കൗൺസിലർമാർക്കെതിരെ നടപടിക്കു സാധ്യതയുണ്ട്. രാജിക്കു മുതിരാതിരുന്ന കെ.വി. വർഗീസിനെ അനുകൂലിക്കുന്നവരാണ് ഏഴ് കോൺഗ്രസ് കൗൺസിലർമാരെന്നു പറയുന്നു. 39 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് 11 അംഗങ്ങളും കേരള കോൺഗ്രസ് എമ്മിന് 10 അംഗങ്ങളുമാണുള്ളത്. അവിശ്വാസം പാസാകണമെങ്കിൽ എൽഡിഎഫോ ബിജെപിയോ പിന്തുണയ്ക്കേണ്ടിവരും. പാർട്ടി നിർദേശപ്രകാരം രാജിക്കു തയാറാകാതെ കെ.വി. വർഗീസ് മാറിനിൽക്കുകയായിരുന്നു.
കോൺഗ്രസിന്റെ നിശ്ചിത കാലാവധിയിൽ ആദ്യ ഒന്നേകാൽവർഷം കെ.വി. വർഗീസിനും പിന്നീടുള്ള ഒന്നേകാൽ വർഷം ആർ.ജയകുമാറിനും ചെയർമാൻ സ്ഥാനം നൽകാനായിരുന്നു തീരുമാനം. ഇതാണ് ലംഘിക്കപ്പെട്ടത്. രണ്ടരവർഷം യുഡിഎഫ് ധാരണപ്രകാരം കേരള കോൺഗ്രസ് എമ്മിനുള്ളതാണ്.അവിശ്വാസ നോട്ടിൽ ഒപ്പുവയ്ക്കാതെ മാറിനിന്നവരിൽ കോൺഗ്രസിലെ അലിക്കുഞ്ഞ് ചുമത്ര, എ.പി. കൃഷ്ണകുമാരി, കേരള കോൺഗ്രസ് എമ്മിലെ വർഗീസ് വർഗീസ് എന്നിവരാണ് മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കുന്നത്.
തിരുവല്ല നഗരസഭയിൽ അവിശ്വാസ നോട്ടീസ് നല്കി
10:55 PM Apr 05, 2017 | Deepika.com