ജനറൽ ഇൻഷ്വറൻസ് ബന്ദ് ആചരിച്ചു
10:54 PM Apr 05, 2017 | Deepika.com
പത്തനംതിട്ട: ജനറൽ ഇൻഷ്വറൻസ് മേഖലയിൽ വർധിപ്പിച്ച പ്രീമിയം പിൻവലിക്കണമെന്നും വാഹന നിർമാതാക്കളും ഇൻഷ്വറൻസ് കന്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ ഇൻഷ്വറൻസ് ബന്ദ് നടത്തി. പത്തനംതിട്ടയിൽ നാഷണൽ ഇൻഷ്വറൻസ് ഓഫീസ് പടിക്കൽ നിന്നാരംഭിച്ച പ്രകടനം വിവിധ ഇൻഷ്വറൻസ് കന്പനികളുടെ ഓഫീസുകൾക്കു മുന്പിലൂടെ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനി ഡിവിഷണൽ ഓഫീസ് പടിക്കൽ സമാപിച്ചു. തുടർന്നു നടന്ന ധർണ ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റെജി മൂലമുറിയിൽ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി.ജെ. അജയകുമാർ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ. ഗോപി, എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ബെൻസി തോമസ്, അനിൽ കുമാർ, പ്രഭാകുമാരി, സതീഷ് ബാബു, ജെറി സാം മാത്യു എന്നിവർ പ്രസംഗിച്ചു.