ഒാട്ടോറിക്ഷാ വിതരണം: നടപടിക്രമം പാലിച്ചല്ലെന്നു പരാതി
01:07 AM Apr 05, 2017 | Deepika.com
തിരുവില്വാമല: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഓട്ടോറിക്ഷകൾ വിതരണം ചെയ്തതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു പരാതി. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വായ്പാപദ്ധതിക്കു ദേശസാൽകൃത ബാങ്കുകളിൽനിന്നോ സഹകരണ സ്ഥാപനങ്ങളിൽനിന്നോ ആണ് വായ്പ ലഭ്യമാക്കേണ്ടത്. ഇവിടെ സ്വകാര്യ ബാങ്കിന്റെ സഹായമാണ് തേടിയിരിക്കുന്നത്. ദേശസാൽകൃത ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും ഈടാക്കുന്ന പലിശയുടെ ഇരട്ടിയാണ് ഈടാക്കുന്നതെന്നും ഇത് ഗുണഭോക്താക്കളെ വഞ്ചിക്കുന്ന നടപടിയാണെന്നും ഐഎൻടിയുസി ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികളായ പ്രദീപ്, സോമൻ, വിജയൻ, സിദ്ദിഖ് എന്നിവർ പറഞ്ഞു. ബാങ്കുകൾ വായ്പ നൽകാൻ തയാറാവാത്തതിനാൽ ഗുണഭോക്താക്കളുടെ താത്പര്യപ്രകാരമാണ് വായ്പ ലഭ്യമാക്കിയതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ.മണി പറയുന്നു.