നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയിൽ പുതിയ ഡിജിറ്റൽ എക്സ്റേ മെഷീൻ എത്തി. മെഷീൻ രണ്ടു ദിവസത്തിനകം സ്ഥാപിച്ച് പ്രവർത്തനം തുടങ്ങാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മെഷീന്റെ മെക്കാനിക്കൽ പ്രവൃത്തികൾ ചൊവ്വാഴ്ച തുടങ്ങി. നേരത്തെയുണ്ടായിരുന്ന 300 മില്ലി ആംപിയർ (എം.എ) മെഷീൻ തകരാറായതിനെ തുടർന്നു 60 എംപിയുടെ മെഷീനാണ് ഉപയോഗിച്ചിരുന്നത്. ഇതിനെ തുടർന്നു നിരവധി രോഗികൾക്ക് എക്സ്-റേ മെഷീന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. പുതിയ മെഷീൻ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങുന്നതോടെ കൂടുതൽ പേർക്ക് കൃത്യമായ സേവനം ലഭ്യമാകും.
25 വർഷം പഴക്കമുള്ളതായിരുന്നു പഴയ മെഷീൻ. ഇതിന്റെ ഹൈടെൻഷൻ ട്രാൻസ്ഫോർമർ തകരാറിലായതിനെ തുടർന്നു നന്നാക്കാൻ കൂടുതൽ ചെലവു വരുമെന്നതിനാൽ ലേലം ചെയ്യാനുള്ള ഉത്തരവ് വന്നിട്ടുണ്ട്. എട്ടര ലക്ഷം രൂപ ചെലവ് വരുന്ന മെഷീൻ കെഎംഎസ്സിഎൽ മുഖേനയാണ് സ്ഥാപിക്കുന്നത്.
നട്ടെല്ല്, തല എന്നിവൂയുടെ എക്സ്റേ കൂടുതൽ കൃത്യതയോടെ എടുക്കാൻ പുതിയ മെഷീനിൽ കഴിയും. മെഷീൻ സ്ഥാപിക്കാനുള്ള ലൈസൻസ് ആറ്റമിക് എനർജി റഗുലേറ്ററി ബോർഡിൽ നിന്ന് ലഭ്യമായിട്ടുണ്ട്. ഇലക്ട്രിക്കൽ ജോലികൾ തീരുന്നതോടെ പുതിയ മെഷീൻ പ്രവർത്തനത്തിനു സജ്ജമാകും.
നിലന്പൂരില്‍ എക്സ്റേ മെഷീൻ എത്തി
12:31 AM Apr 05, 2017 | Deepika.com