മഞ്ചേരി : ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ വൃദ്ധസദനങ്ങളിൽ നിയമസഹായ ക്ലിനിക്കുകൾ ആരംഭിക്കും.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പോലീസ്, എക്സൈസ്, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ പ്രചാരണം നടത്താനും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി തീരുമാനിച്ചു. അഭിഭാഷകരുടെയും പാരാലീഗൽ വോളണ്ടിയർമാരുടെയും സേവനം ക്ലിനിക്കുകളിൽ ലഭ്യമാക്കുന്നതിനും വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ മുതിർന്ന പൗരൻമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും യുക്തമായ നടപടി സ്വീകരിക്കാനും ക്ലിനിക്കിൽ അവസരമുണ്ടാകും.
അവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തും. വിചാരണക്കോടതിയുടെ ശിപാർശ പ്രകാരം ഒരു കേസിൽ ഇരയ്ക്കുള്ള നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. അപേക്ഷ ലഭിച്ച മറ്റു കേസുകളിൽ അന്വേഷണം നടത്തും. ജില്ലാ ജഡ്ജി എസ്.എസ് വാസൻ, എസ്പി ദേബേഷ് കുമാർ ബെഹ്റ, സബ് ജഡ്ജി രാജൻ തട്ടിൽ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ.ടി പ്രകാശ്, ഇ.എം കൃഷ്ണൻ നന്പൂതിരി എന്നിവർ പ്രസംഗിച്ചു.
വൃദ്ധസദനങ്ങളിൽ നിയമസഹായ ക്ലിനിക്
12:48 AM Mar 30, 2017 | Deepika.com