പത്തനംതിട്ട: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സന്പൂർണ ഭക്ഷ്യസുരക്ഷാ ഗ്രാമം പദ്ധതിയിൽപത്തനംതിട്ടയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷാ വിളംബര റാലിയും സമ്മേളനവും നടന്നു.
പൊതുകിണറുകളിലെ കുടിവെള്ള പരിശോധന, കർശനമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ, വിവിധ മേഖലകളിലുള്ളവർക്കായുള്ള ബോധവത്ക്കരണ പരിപാടികൾ, ഭക്ഷ്യസുരക്ഷാ ലൈസൻസ് മേളകൾ എന്നിവ നടത്തി. സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന മുദ്രാവാക്യം ഉയർത്തി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും, കുടുംബശ്രീ പ്രവർത്തകരും, വ്യാപാരി വ്യവസായികളും ഗ്രാമവാസികളും പങ്കെടുത്ത ഭക്ഷ്യസുരക്ഷാ വിളംബരറാലിയും സമ്മേളനവും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ ഉദ്ഘാടനം ചെയ്തു.
ആറന്മുള കൃഷ്ണവേണി ഓഡിറ്റോറിയത്തിൽ നടന്ന വിളംബര സമ്മേളനത്തിൽ മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരി അധ്യക്ഷത വഹിച്ചു.
സെറിഫെഡ് ചെയർമാൻ വിക്ടർ ടി.തോമസ് മുഖ്യപ്രഭാഷണം നടത്തി.
ഭക്ഷ്യസുരക്ഷാ ഓഫീസർ ജി.രഘുനാഥക്കുറുപ്പ് പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ബി.മധുസൂദനൻ ലൈസൻസ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വത്സമ്മ മാത്യു, ഗ്രാമ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, പഞ്ചായത്ത് സെക്രട്ടറി ഹരിൻബോസ് എന്നിവർ പ്രസംഗിച്ചു.
ഭക്ഷ്യസുരക്ഷാ വിളംബര റാലിയും സമ്മേളനവും
10:34 PM Mar 29, 2017 | Deepika.com