മങ്കട: മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് താക്കീതായി മാറുമെന്ന് മുതിർന്ന കോണ്ഗ്രസ്് നേതാവ് ആര്യാടൻ മുഹമ്മദ് പറഞ്ഞു.
തിരൂർക്കാട് വാവാസ് ഓഡിറ്റോറിയത്തിൽ നടന്ന മങ്കട മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരികൾ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു ഏറെ പ്രാധാന്യമുണ്ട്.
സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇത് മതേതര ചേരികൾക്ക് ശക്തിപകരാൻ സഹായകമാവും. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും മത്സരിക്കാൻ സാധിക്കാതിരുന്ന സിപിഎമ്മിന് ബിജെപിയെ നേരിടാനാവില്ല.
കോണ്ഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് മാത്രമേ ബിജെപിയെ നേരിടാനാവൂവെന്നു ആര്യാടൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ജനവിരുദ്ധ നടപടികൾക്കെതിരെയുള്ള വിധിയെഴുത്തായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു. പി.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, എം.പി.അബ്ദുസമദ് സമദാനി, കെ.എൻ.എ.ഖാദർ, എംഎൽഎമാരായ ടി.എ. അഹമ്മദ് കബീർ, കെ.സചീന്ദ്രൻ, കെ.എസ്.ശബരീനാഥ്, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, എ.പി.അനിൽകുമാർ എന്നിവരും എസ്ടിയു ദേശീയ സെക്രട്ടറി എം.റഹ്മത്തുള്ള, ഷിബു, സലീം കുരുവന്പലം, പാലോളി മുഹമ്മദാലി, ഇ.മുഹമ്മദ് കുഞ്ഞി, സമദ് മങ്കട, ഉമർ അറക്കൽ, ടി.കെ.ശശീന്ദ്രൻ, പി.വി.മനാഫ്, അബൂയുസുഫ് ഗുരുക്കൾ, വി.എ.കരീം, കെ.എസ്.ഹംസ, ഇബ്രാഹിം മുതുവൂർ, ടി.കുഞ്ഞാലി, സലാം ചട്ടിപ്പറന്പ് എന്നിവർ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ഫലം സർക്കാരുകൾക്ക് താക്കീതാകും: ആര്യാടൻ മുഹമ്മദ്
12:53 AM Mar 23, 2017 | Deepika.com