കൊണ്ടോട്ടി: യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കൊണ്ടോട്ടി മണ്ഡലം യുഡിഎഫ് കണ്വൻഷൻ ഇന്നു വൈകുന്നേരം നാലിന് മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമി ഓപ്പണ് ഗ്രൗണ്ടിൽ നടക്കും. തെരഞ്ഞടുപ്പ് മണ്ഡല കമ്മിറ്റി രൂപീകരണവും നടക്കും. പഞ്ചായത്ത്, ബൂത്തുതല കണ്വൻഷൻ തിയതികൾ ഇന്നു പ്രഖ്യാപിക്കും. മുന്നണിബന്ധം ശിഥിലമായ പ്രദേശങ്ങളിൽ വൈര്യംമറന്നു ഒറ്റക്കെട്ടായി പ്രവർത്തിക്കാനാണ് തീരുമാനം. പ്രാദേശിക തലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ജില്ലാതലത്തിൽ പരിഹരിക്കും.
കൊണ്ടോട്ടി നഗരസഭ, വാഴക്കാട് പഞ്ചായത്ത് എന്നിവടങ്ങളിലടക്കമുളള പിണക്കങ്ങൾ മറന്നു കോണ്ഗ്രസ്-ലീഗ് സഖ്യം ശക്തിപ്പെടുത്താനാണ് തീരുമാനം. സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ എ.പി. അനിൽകുമാർ, ടി.വി.ഇബ്രാഹിം എന്നിവരും ആര്യാടൻ മുഹമ്മദ്, കെ.പി.എ.മജീദ്, അഡ്വ.കെ.എൻ.എ.ഖാദർ, വി.വി.പ്രകാശ്, സബാഹ് പുൽപ്പറ്റ, ഇ.മുഹമ്മദ് കുഞ്ഞി എന്നിവരും പ്രസംഗിക്കും.
എൽഡിഎഫ്
കണ്വൻഷൻ നാളെ
കൊണ്ടോട്ടി: എൽഡിഎഫ് സ്ഥാനാർഥി എം.ബി.ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കൊണ്ടോട്ടി മണ്ഡലം എൽഡിഎഫ് കണ്വൻഷൻ നാളെ വൈകുന്നേരം നാലിന് മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമിയിൽ നടക്കും. യോഗത്തിൽ തെരഞ്ഞെടുപ്പ് മണ്ഡല കമ്മിറ്റി രൂപീകരിക്കും.
പഞ്ചായത്ത്, ബൂത്തുതല കണ്വൻഷൻ തിയതികളും പ്രചാരണത്തിന്റെ രീതികളും വിശദീകരിക്കും. വാഴയൂരിലെ മുന്നണി ബന്ധം ശക്തമാക്കാനും തീരുമാനിച്ചു. കൊണ്ടോട്ടി നഗരസഭ, വാഴക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലുളള മുസ്ലിംലീഗ്-കോണ്ഗ്രസ് ചേരിപ്പോര് വോട്ടാക്കി മാറ്റാനാണ് ഇടതുമുന്നണി ഒരുങ്ങുന്നത്. മന്ത്രി കടകംപളളി സുരേന്ദ്രൻ, എംഎൽഎമാരായ എം.പ്രദീപ് കുമാർ, ജെയിംസ് മാത്യു, ടി.വി.രാജേഷ്, സംസ്ഥാന നേതാക്കളായ എം.ചന്ദ്രൻ, എൻ.എം.കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും.
കൊണ്ടോട്ടി മണ്ഡലം യുഡിഎഫ് കണ്വൻഷൻ ഇന്ന്
12:35 AM Mar 22, 2017 | Deepika.com