മഞ്ചേരി: ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന മഞ്ചേരി പോലീസ് സ്റ്റേഷൻ ഓഫീസിൽ ജോലി ചെയ്യാനാകാതെ ഉദ്യോഗസ്ഥർ വിഷമിക്കുന്നു. പോലീസ് സ്റ്റേഷൻ കെട്ടിടത്തിനോടനുബന്ധിച്ച് ഇറക്കി കെട്ടിയ ആസ്ബസ്റ്റോസിനു കീഴിലിരുന്നാണ് അഡീഷണൽ എസ്ഐ അടക്കമുള്ള പോലീസുകാർ ജോലി ചെയ്യുന്നത്. തൊട്ടടുത്ത് പടർന്നു പന്തലിച്ച തണൽ വെട്ടിയതാണ് അത്യുഷ്ണത്തിനു കാരണം. കെട്ടിടത്തിനു ഭീഷണിയാകുമെന്ന് കണ്ടതിനെ തുടർന്നു മരം ലേലം ചെയ്ത് വിൽക്കുകയായിരുന്നു. വാങ്ങിയ വ്യക്തി മരം വെട്ടിക്കൊണ്ടു പോയതോടെ സൂര്യപ്രകാശം നേരിട്ടു പതിക്കുകയും ആസ്ബറ്റോസ് ചുട്ടുപഴുത്ത് അകത്തിരിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതു നിത്യ സംഭവമായിട്ടുണ്ട്. വേനൽ കനത്തതോടെ സ്ഥിതി ഏറെ പരിതാപകരമായിരിക്കുകയാണ്. ജീവനക്കാരുടെ പരാതിയെ തുടർന്ന് പിഡബ്യുഡി കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മേൽക്കൂര നിർമാണത്തിനായി അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അതേസമയം ജീവനക്കാരുടെ പരിമിതി കാരണം പോലീസ് സ്റ്റേഷൻ പ്രവർത്തനം നാളുകളായി താളംതെറ്റിയിരിക്കുകയാണ്. ജോലിഭാരം താങ്ങാനാവാതെ ഉദ്യോഗസ്ഥർ വിഷമിക്കുന്നു. ആവശ്യത്തിനു സ്ട്രെങ്ങത്ത് ഇല്ലാത്തതാണ് പ്രശ്നം. എട്ടു മണിക്കൂറാണ് ഡ്യൂട്ടി സമയമെങ്കിലും ഈ സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കി വിശ്രമിക്കാൻ സാധിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. രാത്രി എട്ടു മുതൽ രാവിലെ ഏഴു വരെ ജോലിയെടുക്കുന്ന ജിഡി ചാർജിനു പലപ്പോഴും പകൽ ഡ്യൂട്ടി കൂടി ചെയ്യേണ്ടി വരികയാണ്. ഡ്യൂട്ടി വീതിച്ചു കഴിഞ്ഞാൽ ആളെ തികയാതെ വരുന്നു. ഡിവൈഎസ്പി ഓഫീസ്, ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗം, ഹൈവെ പോലീസ്, സിഐ ഓഫീസ്, സ്പെഷൽ ബ്രാഞ്ച്, മണൽ സ്ക്വാഡ്, നിയമസഭാ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന എൽഎഐ സെൽ, സ്ത്രീ ശാക്തീകരണത്തിനുള്ള നിർഭയ പരിശീലനം, കംപ്യൂട്ടർസെൽ, വനിതാ സെൽ, കോടതി ഡ്യൂട്ടികൾ, പാസ്പോർട്ട് വെരിഫിക്കേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഡ്യൂട്ടി വീതിച്ചു കഴിഞ്ഞാൽ സ്റ്റേഷൻ പ്രവർത്തനങ്ങൾക്കും കേസന്വേഷണത്തിനും വിരലിലെണ്ണാവുന്ന പോലീസുകാർ മാത്രമേയുള്ളൂ. ഇതിനിടയിൽ മഞ്ചേരിയിലെ പത്തു കോടതികളിൽ ഏതെങ്കിലും പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ അവരെ ജയിലിലെത്തിക്കുന്നതും ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധനക്കെത്തിക്കുന്നതും മനുഷ്യാവകാശ കമ്മീഷനുള്ള പ്രത്യേക ഫോം തയാറാക്കുന്നതും മഞ്ചേരി സ്റ്റേഷനിലെ പോലീസുകാരുടെ കർത്തവ്യമാണ്. ഇതിനിടയിൽ പ്രത്യേക ഡ്യൂട്ടികൾ കൂടി വന്നാൽ ഏറെ പ്രയാസം നേരിടുകയാണ്.
ജീവനക്കാരും സൗകര്യങ്ങളുമില്ലാതെ മഞ്ചേരി പോലീസ് സ്റ്റേഷൻ
12:33 AM Mar 22, 2017 | Deepika.com