മലപ്പുറം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.കെ. മുനീർ എംഎൽഎ നയിക്കുന്ന കോഴിക്കോട് മേഖലാജാഥ ഇന്നു ജില്ലയിൽ പ്രവേശിക്കും.
രാവിലെ എട്ടിനു ജില്ലാ അതിർത്തിയായ ഇടിമുഴക്കലിൽ നിന്നു ജാഥയെ സ്വീകരണ കേന്ദ്രമായ ചേളാരിയിലേക്ക് ജില്ലാ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ ആനയിക്കും. 11ന് കൊണ്ടോട്ടിയിലും ഉച്ചയ്ക്കുശേഷം മൂന്നിനു അരീക്കോട്, വൈകുന്നേരം അഞ്ചിന് എടക്കര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രാത്രി ഏഴിന് വണ്ടൂരിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.
രണ്ടാം ദിവസമായ നാളെ രാവിലെ ഒന്പതിന് മഞ്ചേരിയിൽ നിന്നു തുടക്കം കുറിക്കുന്ന ജാഥ രാവിലെ 10.30ന് മങ്കട, ഉച്ചക്കു 12ന് പെരിന്തൽമണ്ണ, 3.00ന് മലപ്പുറം കളക്ടറേറ്റ് പരിസരം, വൈകുന്നേരം അഞ്ചിന് വേങ്ങര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രാത്രി ഏഴിന് കോട്ടക്കലിലെ പൊതുസമ്മേളനത്തോടെ സമാപിക്കും.
വെള്ളിയാഴ്ച രാവിലെ ഒന്പതിന് പരപ്പനങ്ങാടിയിൽ നിന്നു ആരംഭിക്കുന്ന ജാഥ ഉച്ചയ്ക്ക് ശേഷം 2.30ന് താനൂരിലും വൈകുന്നേരം നാലിന് തിരൂരിലും അഞ്ചിന് പൊന്നാനി എന്നിവിടങ്ങളിൽ പര്യടനം നടത്തി രാത്രി ഏഴിന് എടപ്പാളിൽ സമാപിച്ച് ശനിയാഴ്ച ജാഥ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടൻ മുഹമ്മദ്, കെ.പി.എ. മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എംപി, വി. കുഞ്ഞാലി, കൃഷ്ണൻകോട്ടുമല, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, എം.പി. അബ്ദുസമദ് സമദാനി, എ.പി. അനിൽകുമാർ എംഎൽഎ, പി.ഡി. കാർത്തികേയൻ, ഷാനിമോൾ ഉസ്മാൻ, പി.വി. അബ്ദുൾ വഹാബ് എംപി എന്നിവർ പങ്കെടുക്കും.
ജാഥയുമായി ബന്ധപ്പെട്ട യുഡിഎഫ് യോഗം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ ഇ. മുഹമ്മദ്കുഞ്ഞി, അരിന്പ്ര മുഹമ്മദ്, കൃഷ്ണൻ കോട്ടുമല, സബാഹ് പുൽപ്പറ്റ, വെന്നിയൂർ മുഹമ്മദ്കുട്ടി, അലി പുല്ലിത്തൊടി, കെ.പി. അബ്ദുൾ മജീദ്, മുഹമ്മദലി മഞ്ഞക്കണ്ടൻ, വി.എ. കരീം എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് മേഖലാജാഥ ഇന്ന് ജില്ലയിൽ
01:01 AM Feb 15, 2017 | Deepika.com