റോഡുകളുടെ കേടുപാടുകൾ ഉടൻ പരിഹരിക്കാൻ ഉത്തരവ്: സുരക്ഷാ പദ്ധതികൾ ഇന്ന് മുതൽ നടപ്പാക്കും

11:41 PM Feb 14, 2017 | Deepika.com
തിരുവല്ല: തകർന്ന റോഡുകളുടെ കേടുപാടുകൾ ഉടൻ പരിഹരിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് സംസ്‌ഥാന റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് എസ്റ്റിമേറ്റുകൾ 28ന് മുമ്പായി സർക്കാരിന് സമർപ്പിക്കണം. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു പദ്ധതികൾ തയാറാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷ കർശനമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സുരക്ഷാ കമ്മീഷണറുടെ നടപടി.

മൂന്ന് ഘട്ടമായി നടപ്പാക്കാൻ ലക്ഷ്യമിടുന്ന സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇന്ന് തുടക്കമാകും. ട്രാഫിക് ഐജി നോഡൽ ഓഫീസറായുള്ള പ്രത്യേക നീരീക്ഷണ കമ്മിറ്റി സംസ്‌ഥാന തലത്തിലും ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ, ആരോഗ്യം, വിദ്യാഭാസം എന്നീ വകുപ്പുകളുടെ മേധാവികളാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കു ജില്ലാതലത്തിൽ കളക്ടർ ചെയർമാനും എസ്പി നോഡൽ ഓഫീസറും മറ്റ് വകുപ്പ് മേധാവികൾ കമ്മിറ്റിയംഗങ്ങളുമാകും. അനധികൃത പാർക്കിംഗ്, ഹെൽമറ്റ്, സീറ്റ്ബെൽറ്റ് ഇവയില്ലാതെയുള്ള ഡ്രൈവിംഗ്, അമിത വേഗം, മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താൻ സംയുക്‌ത പരിശോധന നടത്തും. താലൂക്ക് അടിസ്‌ഥാനത്തിൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ പൂർണസമയ പ്രവർത്തനത്തിനായി വകുപ്പ്് നിശ്ചയിച്ചിട്ടുണ്ട്. പ്രാദേശികതലത്തിൽ ഇതിന് വിവിധ സർക്കാർ വകുപ്പുകൾ ഉൾപ്പെടുത്തി സംഘം രൂപീകരിച്ച് സ്‌ഥലം ഡിവൈഎസ്പിമാർ പരിശോധന ഏകോപിപ്പിക്കും. എല്ലാ ശനിയാഴ്ചകളിലും സ്ക്വാഡ് പ്രവർത്തന വിലയിരുത്തലുകൾ നടത്തും. വിദ്യാലയ വാഹനങ്ങങ്ങളുടെ നിരീക്ഷണത്തിനും പ്രത്യേക സംഘം പ്രവർത്തിക്കും.