ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് സമൃദ്ധി പാടശേഖരസമിതി കൊയ്ത്തുത്സവം ഇന്നു രാവിലെ 10ന് പ്രശസ്ത സിനിമാ സംവിധായകനും ഹോർട്ടികോർപ്പ് ചെയർമാനുമായ വിനയൻ ഉദ്ഘാടനം ചെയ്യും.
മേലൂരിലെ കൈതോലപ്പാടത്ത് തരിശിട്ടിരിക്കുന്ന 40 ഏക്കർ കൃഷിയിടത്തിൽ സമൃദ്ധി പാടശേഖരസമിതി, ത്രിതല പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് വിളവെടുപ്പ് നടത്താനായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷിബു പത്രസമ്മേളനത്തിൽ അറിയിച്ചു.
ബ്ലോക്ക് ഡിവിഷൻ മെന്പർ വി.ഡി.തോമസിന്റെ നേതൃത്വത്തിലാണ് ഭൂമി കൃഷിയോഗ്യമാക്കിയതെന്ന് പ്രസിഡന്റ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് 39,50,000 രൂപ കാർഷിക മേഖലയ്ക്കും 62 ലക്ഷം രൂപ ജലസേചനസൗകര്യങ്ങൾക്കായും നീക്കി വച്ചിട്ടുണ്ടെന്നും ഇതിൽ കർഷക ഗ്രൂപ്പുകൾ വഴി നെൽകൃഷി വികസനത്തിന് ആറു ലക്ഷം രൂപയും സമഗ്ര പച്ചക്കറി വികസനം 15,50,000 രൂപയും പുരുഷഗണങ്ങൾക്ക് പച്ചക്കറി വികസനത്തിന് 5 ലക്ഷവും വനിത ഗ്രൂപ്പുകൾക്ക് വാഴകൃഷിക്ക് 8 ലക്ഷവും വനിത ഗ്രൂപ്പുകൾക്ക് കാർഷിക ഉപകരണങ്ങൾക്ക് 5 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
സെക്രട്ടറി ഒ.സുകുമാരൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് വിജു വാഴക്കാല, വി.ഡി.തോമസ്, ജയരാജ് ആറ്റപ്പാടം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മേലൂരിലെ കൈതോലപ്പാടത്ത് കൊയ്ത്തുത്സവം ഇന്ന്
10:35 PM Feb 13, 2017 | Deepika.com