തനിക്കെതിരെയുള്ള നീക്കങ്ങൾക്കു പിന്നിൽ ശിവദാസൻ നായരെന്ന് എംഎൽഎ

08:39 PM Feb 13, 2017 | Deepika.com
പത്തനംതിട്ട: മുൻ എംഎൽഎ അഡ്വ.കെ. ശിവദാസൻ നായരുടെ നേതൃത്വത്തിൽ തന്നെ നിരന്തരം വേട്ടയാടാൻ ശ്രമം നടക്കുന്നതായി വീണാ ജോർജ് എംഎൽഎ പത്രസമ്മേളനത്തിൽ ആരോപിച്ചു. മണ്ഡലത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ തടസപ്പെടുത്താനും പൊതുപരിപാടികൾ അലങ്കോലപ്പെടുത്താനും വ്യക്‌തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നതായി എംഎൽഎ കുറ്റപ്പെടുത്തി.കഴിഞ്ഞ നിയമസഭയിൽ വനിതാ എംഎൽഎയെ അപമാനിച്ച ശിവദാസൻ നായർ ഇപ്പോൾ വനിതയായ തനിക്കുനേരെ തിരിഞ്ഞിരിക്കുകയാണ്.

കോഴഞ്ചേരിയിൽ മന്ത്രി മാത്യു ടി. തോമസ് അടക്കമുള്ളവർ പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ തന്നെ ഭീഷണിപ്പെടുത്തിയതിനാണ് ബൈജുഭാസ്കറിനെതിരേ പരാതി നൽകിയത്. വേദിയിൽ കയറിയ ബൈജു ഭാസ്കർ തനിക്ക് ഹസ്തദാനം നൽകാൻ ശ്രമിക്കുകയും ലോകായുക്‌തയിൽ പരാതി നൽകിയത് താനാണെന്നു പറയുകയും ചെയ്തു.

താൻ മുൻ എംഎൽഎ കെ. ശിവദാസൻ നായരുടെ സെക്രട്ടറിയാണെന്നും അത് മറക്കരുതെന്നുമുള്ള ഭീഷണിയും ബൈജു മുഴക്കി. അതിന് കോൺഗ്രസ് നേതാക്കൾ തന്നെ സാക്ഷികളാണെന്നും വീണ വ്യക്‌തമാക്കി. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ നിർദേശത്തെ തുടർന്നാണ് പരാതി കൊടുത്തത്. ഇയാളാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. ഭർത്താവിനെതിരേയുള്ള പരാതി ഹൈക്കോടതി അടക്കം നാല് തവണ തള്ളിയതാണ്. ഹയർ സെക്കൻഡറി ഡയർക്ടർക്കു മുമ്പാകെ നേരിട്ട് ഹാജരാകാൻ പരാതിക്കാരനോട് നിർദേശിക്കുകയാണ് ഉണ്ടായത്. അല്ലാതെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചിട്ടില്ല. ബാബുവിനെ അറസ്റ്റ് ചെയ്തതും തന്റെ നിർദേശ പ്രകാരമല്ല. അയാളുടെ ബന്ധു തന്നെ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ഉണ്ടായതെന്നും എംഎൽഎ വ്യക്‌തമാക്കി.

മണ്ഡലത്തിലെ പൊതുപരിപാടികൾ അലങ്കോലപ്പെടുത്താൻ കോൺഗ്രസുകാർ ശ്രമിക്കുന്നത് എന്തിനെന്നു വ്യക്‌തമാക്കണം. മഞ്ഞനിക്കരയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലിടിൽ ചടങ്ങിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചു. പിന്നാലെ ആറന്മുള ആഞ്ഞിലിമൂട്ടിൽക്കടവ് പാലത്തിന്റെ നിർമാണോദ്ഘാടനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. മറുകരയിൽ കെ. ശിവദാസൻ നായരുടെ നേതൃത്വത്തിൽ ബദൽ ശിലാസ്‌ഥാപനം നടത്തി.സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ജി. നായർ, പി.ജെ. അജയകുമാർ, എൻ. സജി കുമാർ എന്നിവർക്കൊപ്പമാണ് വീണാ ജോർജ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.