ചെറുതുരുത്തി: ഗുരുവിനായി പെരുവിരൽ ഛേദിച്ചു നൽകിയ ഏകലവ്യന്റെ പുതിയ മുഖമാണ് രോഹിത് വെമുലയെന്നും ദക്ഷിണയായി പെരുവിരൽ ചോദിക്കുന്ന കാലമാണിതെന്നും സാംസ്കാരിക വകുപ്പു മന്ത്രി എ.കെ. ബാലൻ പറഞ്ഞു. എഴുത്തുകാരുടേയും കലാകാരൻമാരുടേയും സ്വാതന്ത്ര്യത്തിനുമേൽ വാൾ ചുഴറ്റുന്ന ഇക്കാലത്ത് കവി ഒ.എൻ.വിയുടെ ചിന്തകളും പ്രവൃത്തികളും കൂടുതൽ പ്രസക്തമാവുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള കലാമണ്ഡലം സംഘടിപ്പിച്ച ഒ.എൻ.വി. കാവ്യനൃത്തോത്സവം "ഒരുവട്ടം കൂടി' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അവസാന ശ്വാസംവരെ മാനവികതയ്ക്കും മനുഷ്യത്വത്തിനും മൂല്യം നൽകിയ കവിയായിരുന്നു ഒ.എൻ.വി. സാംസ്കാരിക പ്രവർത്തകൻ എന്ന നിലയ്ക്ക് ചെയ്യേണ്ട തെന്തെന്ന് തികഞ്ഞ ബോധ്യമുണ്ടായിരുന്ന കവി കൂടിയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ കാലാവധി തീരുന്നതിനുമുന്പെ കലാമണ്ഡലത്തെ സന്പൂർണ സർവകലാശാലയാക്കി മാറ്റും. ജാതിമത ചിന്തകളിൽനിന്നും മാനവികതയിലേക്കുള്ള മുന്നേറ്റത്തിന്റെ ചാലക ശക്തിയാകാൻ കലാമണ്ഡലത്തിനു കഴിയണമെന്നും സർഗാത്മകതയിലൂന്നിയ പുതിയ സാംസ്കാരിക മുന്നേറ്റത്തിന്റെ ഇടമായി കലാമണ്ഡലത്തെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.സി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഒ.എൻ.വി. കവിതകളിലെ കേരളീയത എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, പി.കെ. വാസു, വള്ളത്തോൾ നഗർ ഗ്രാാമപഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ, ഡോ. ഹരികുമാർ എന്നിവർ സംസാരിച്ചു. കലാമണ്ഡലം റജിസ്ട്രാർ ഡോ.കെ.കെ. സുന്ദരേശൻ സ്വാഗതവും പ്രിൻസിപ്പൽ ഡോ. എം.എം. പ്രസന്ന നന്ദിയും പറഞ്ഞു. തുടർന്ന് ഒ.എൻ.വി. കവിതകളെ ആസ്പദമാക്കി ചന്ദന ഗോപൻ അവതരിപ്പിച്ച സോളോ ഡ്രാമയും കേരള കലാമണ്ഡലം നൃത്തവിഭാഗം അവതരിപ്പിച്ച ഒ.എൻ.വി. കവിതകളുടെ നൃത്താവിഷ്കാരവും നടന്നു.
ഇന്നലെ രാവിലെ നടന്ന കാവ്യായനം പരിപാടി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന കാവ്യായനത്തിൽ പി.പി.രാമചന്ദ്രൻ, പി.രാമൻ, പി.സലീംരാജ്, വിജീഷ് എടക്കുന്നി, ഗിരിജ പാതേക്കര, ബിന്ദു കൃഷ്ണൻ എന്നിവർ ഒ.എൻ.വി. കവിതകളും ഓർമകളും പങ്കുവച്ചു.
ഇന്ന് ഒ.എൻ.വിയുടെ കാവ്യലോകത്തെ കുറിച്ചുള്ള ലഘുപ്രബന്ധങ്ങളുടെ അവതരണം അക്കാഡമിക് ഡയറക്ടർ ഡോ. സി.എം. നീലകണ്ഠൻ നടത്തും.
വൈകീട്ട് അഞ്ചിനു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കലാകാരൻമാരായ കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ക്ഷേമാവതി എന്നിവർ ദീപം തെളിക്കും. പി.കെ. ബിജു എംപി മുഖ്യപ്രഭാഷണം നടത്തും. യു.ആർ. പ്രദീപ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. അനുസ്മരണ സമ്മേളനത്തിൽ കെ. രാധാകൃഷ്ണൻ, കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, കവി റഫീഖ് അഹമ്മദ്, ജയരാജ് വാര്യർ, പിടിഎ പ്രസിഡന്റ് സിന്ധു സുബ്രഹ്മണ്യൻ, സ്റ്റുഡൻസ് യൂണിയൻ ചെയർപേഴ്സണ് ആർച്ച തുടങ്ങിയവർ പങ്കെടുക്കും. ഭരണസമിതിയംഗങ്ങളായ ടി.കെ. വാസു സ്വാഗതവും കലാമണ്ഡലം സത്യഭാമ നന്ദിയും പറയും.
തുടർന്ന് തൃശൂർ ജനനന്മ അവതരിപ്പിക്കുന്ന ഒ.എൻ.വി. നാടക-സിനിമാഗാനമേള.
ദക്ഷിണയായി പെരുവിരൽ ചോദിക്കുന്ന കാലമാണിതെന്നു മന്ത്രി എ.കെ. ബാലൻ
10:19 PM Feb 12, 2017 | Deepika.com