ഏനാത്തെ ദുരിതത്തിന് ഒരുമാസം... ഇനി പ്രതീക്ഷ ബെയ്ലിപാലത്തിൽ

11:35 PM Feb 09, 2017 | Deepika.com
ഏനാത്ത്: കല്ലടയാറിനു കുറുകെയുള്ള ഏനാത്ത് പാലം അടച്ചിട്ട് ഒരു മാസമാകുന്നു. ജനുവരി 10 മുതൽ എംസി റോഡിലുണ്ടായിരിക്കുന്ന ഗതാഗതതടസങ്ങൾ ഓരോദിവസവും ദുരിതപൂർണമായി തീരുകയാണുണ്ടായത്. ബദൽമാർഗങ്ങളിലെ തടസവും റോഡുകളുടെ നിലവാരത്തകർച്ചയുമെല്ലാം യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. ആംബുലൻസ് അടക്കമുള്ള അടിയന്തര വാഹനങ്ങൾക്കുപോലും യഥാസമയം ഓടിയെത്താൻ ആകാത്ത സ്‌ഥിതി. തലസ്‌ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് എംസി റോഡിലൂടെയുള്ള യാത്ര ഏറെക്കുറെ തടസപ്പെട്ട അവസ്‌ഥയിൽ. ഇതിനൊരു പരിഹാരമായി ബെയ്ലിപാലമെന്ന താത്കാലിക സംവിധാനത്തിന് ഇന്നലെ തീരുമാനമായത് ഏറെ ആശ്വാസമായിട്ടുണ്ട്. ബസുകൾ ഒഴികെയുള്ള യാത്രാവാഹനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതരത്തിലാകും ബെയ്ലിപാലത്തിന്റെ നിർമാണമെന്നാണ് സൂചന. ഇതേക്കുറിച്ചുള്ള അന്തിമതീരുമാനം ഉടൻ ഉണ്ടാകും. നിർമാണവും അതിവേഗത്തിൽ പൂർത്തിയാക്കും. കരസേനയുടെ ബംഗളൂരു കേന്ദ്രമാക്കിയ എൻജിനിയറിംഗ് വിഭാഗമാണ് നിർമാണം നടത്തുന്നത്.

ജനുവരി 10നു വൈകുന്നേരമാണ് ഏനാത്ത് വലിയപാലത്തിലെ തകരാർ പ്രത്യക്ഷത്തിൽ അനുഭവപ്പെട്ടത്. പാലത്തിലൂടെ ഒരു ടാങ്കർ ലോറി കടന്നുപോകുമ്പോൾ ഭയാനകമായ ശബ്ദം ഉണ്ടായപ്പോൾ പ്രദേശവാസികളും ഓട്ടോറിക്ഷ ഡ്രൈവർമാരും നടത്തിയ പരിശോധനയിൽ വിള്ളൽ കണ്ടെത്തുകയും തുർന്നു നടത്തിയ വിദഗ്ധ പരിശോധനയിൽ പാലത്തിന്റെ ബീമുകളെ താങ്ങുന്ന എൻജിനിയറിംഗ് ബെയറിംഗ് പൊട്ടി പാലം അപകടാവസ്‌ഥയിലാണെന്നു മനസിലാകുകയും ചെയ്തു.

പിന്നീടുള്ള വിശദമായ പരിശോധനയിലാണ് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്നു കണ്ടെത്തിയത്. രണ്ട് തൂണുകൾ ബലപ്പെടുത്തണമെന്ന വിദ്ഗ്ധാഭിപ്രായമുണ്ടായി. പാലത്തിനു ബലക്ഷയം കണ്ടെങ്കിലും തുടക്കത്തിൽ ചെറിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. എന്നാൽ തൂണുകൾക്കു ബലക്ഷയമുണ്ടെന്നു കണ്ടതോടെ ഗതാഗതം പൂർണമായി നിർത്തിവച്ചു. ബദൽ മാർഗങ്ങൾ നിർദേശിച്ച് പാലത്തിന്റെ പണികൾക്കുള്ള നടപടികൾ തുടങ്ങുകയായിരുന്നു. എന്നാൽ ഒരുമാസം പിന്നിടുമ്പോഴും പാലത്തിൽ പണികൾ ആരംഭിച്ചിട്ടില്ല.

മണ്ണു പരിശോധന പൂർത്തിയാക്കുകയും പാലത്തിന്റെ ബീമുകൾ ഉയർത്താനുള്ള സംവിധാനങ്ങളുടെ നിർമാണവുമാണ് ആരംഭിച്ചത്. പുതിയ തൂണുകൾ വേണമെന്നതിനാൽ പൈലിംഗിനുള്ള യന്ത്രസാമഗ്രികളും എ്ത്തിച്ചിട്ടുണ്ട്. എന്നാലിപ്പോഴും സാങ്കേതികമായ അന്തിമ നിർദേശങ്ങൾ നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്. കഴക്കൂട്ടം – അടൂർ സുരക്ഷാ ഇടനാഴി പദ്ധതിയിൽ ലോകബാങ്ക് സഹായത്തോടെ പാലത്തിന്റെ പുനർനിർമാണവും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇതിനു മാത്രമായി പ്രത്യേകം കരാറോ കരാറുകാരനോ ഇല്ല. സുരക്ഷ ഇടനാഴിയുടെ കരാർ ഒപ്പുവച്ചശേഷം കരാറുകാരനു ലഭിക്കുന്ന അധികജോലിയായിട്ടാണ് ഏനാത്ത് പാലത്തിന്റെ ബലപ്പെടുത്തൽ മാറുന്നത്.