മോഷണക്കേസിൽ അറസ്റ്റുണ്ടാകുന്നില്ലെന്ന്

11:35 PM Feb 09, 2017 | Deepika.com
പത്തനംതിട്ട : അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിച്ച ചെമ്പ് പാളികൾ മറിച്ച് വിറ്റ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. ക്ഷേത്രം പ്രസിഡന്റ് ടി.ആർ. അജിത് കുമാർ, സെക്രട്ടറി എ.വി. അനു, മുൻ സെക്രട്ടറി മുകേഷ് ഗോപിനാഥ്, മുൻ ട്രഷറർ മാധവനുണ്ണിത്താൻ എന്നിവരെ ഒന്ന് മുതൽ നാല് വരെ പ്രതികളാക്കിയാണ് അടൂർ ഡിവൈഎസ്പി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

വിശ്വാസവഞ്ചന, തട്ടിപ്പ്, തെളിവ് നശിപ്പിക്കൽ, സംഘം ചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടും പ്രതികളെ അറസ്റ്റ്ചെയ്യാൻ വൈകുന്നത് പ്രതിഷേധാർഹമാണെന്ന് ഭക്‌തജനസം ഘം ഭാരവാഹികളായ ഹരികുമാർ വാഴപ്പള്ളിൽ, വിജയകുമാർ മലമേക്കര എന്നിവർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നാലമ്പല പുനരുദ്ധാരണത്തിന് 200910 ലെ ഭരണസമിതി തിരുപ്പൂരിൽ നിന്ന് 9626 കിലോഗ്രാം ചെമ്പ് പാളികൾ വാങ്ങി സൂക്ഷിച്ചിരുന്നു. 2010–11, 2011–12 ലെ ഭരണസമിതി 6500 കിലോ ചെമ്പ് പാളികൾ ഉപയോഗിച്ച് നാലമ്പല നിർമാണം പൂർത്തിയാക്കി. നമസ്കാര മണ്ഡപത്തിനും അനുബന്ധപണികൾ ക്കുമായി ബാക്കിവച്ചിരുന്ന 3126 കിലോ ചെമ്പ് പാളിയിൽ നിന്ന് 2012–13 ലെ ഭരണസമിതി ക്ഷേത്ര ബൈലോയ്ക്ക് വിരുദ്ധമായി 1329 കിലോ ചെമ്പ് പണിക്കാരന് കൂലിക്ക് പകരമായി മറിച്ച് നൽകി. ബാക്കി 1797 കിലോ ചെമ്പാണ് കാണാതായത്. ഇത്തരത്തിൽ 898500 രൂപയുടെ നഷ്‌ടം ക്ഷേത്രത്തിന് സംഭവിച്ചിട്ടുണ്ട്.