കൊടിമരം നശിപ്പിച്ചെന്ന്; കുളനടയിൽ ബിജെപി–ഡിവൈഎഫ്ഐ സംഘർഷം

11:35 PM Feb 09, 2017 | Deepika.com
പന്തളം: കൊടിമരം നശിപ്പിച്ചെ ന്നാരോപിച്ച് നടന്ന പ്രകടനത്തി നിടയിൽ കുളനടയിൽ സംഘർഷം. ഉന്തും തള്ളിനുമിടയിൽ കണ്ണിൽ സ്പ്രേ പെയിന്റ് വീണ് എസ്ഐയ്ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കഴിഞ്ഞ ദിവസങ്ങളിൽ കുളനട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ദേവി ക്ഷേത്രക്കവലയിൽ നിന്ന് സംഘപരിവാർ പ്രവർത്തകർ പ്രകടനം തുടങ്ങിയത്. ഈ സമയം മൂന്ന് ബൈക്കുകളിലായെത്തിയ മുഖംമൂടിധാരികൾ പലയിടങ്ങളിലെയും ഡിവൈഎഫ്ഐയുടെ കൊടിമരങ്ങൾ നശിപ്പിച്ചെന്ന് പറയുന്നു. പ്രകടനം കുളനട ടിബി കവലയിലെത്തിയപ്പോൾ പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ടായിരുന്ന ഡിവൈഎഫ്ഐ, സിപിഎം സംഘടനകളുടെ ഫ്ളക്സ് നശിപ്പിക്കുകയും കൊടിമരത്തിൽ കാവി നിറമുള്ള പെയിന്റ് സ്പ്രേ ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവത്രെ. സ്‌ഥലത്തുണ്ടായിരുന്ന എസ്ഐ എസ്.സനൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവർത്തകരെ തടഞ്ഞു. ഇതിനിടയിലാണ് പെയിന്റ് കണ്ണിൽ വീണ് എസ്ഐയ്ക്ക് പരിക്കേറ്റത്. പിന്നീട് പ്രവർത്തകരെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു. എസ്ഐ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.