കുടുംബം മനുഷ്യജീവിതത്തിന്റെ അടിസ്‌ഥാനം: മാർ ക്രിസോസ്റ്റം

11:28 PM Feb 08, 2017 | Deepika.com
പത്തനംതിട്ട: കുടുംബത്തിന്റെ ഗുണങ്ങൾ അനുഭവിച്ചുകൊണ്ട് നന്മയിൽ ജീവിക്കാൻ സാധിക്കുന്നതാണ് മനുഷ്യജീവിതത്തിന്റെ അടിസ്‌ഥാനമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത. മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷനോടുബന്ധിച്ച് ഇന്നലെ വൈകുന്നേരം നടന്ന കുടുംബസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിൽ നാം വളരണം. പങ്കുവയ്ക്കലിന്റെ അനുഭവം നാം ആർജിക്കണമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

ദൈവത്തിന്റെ കരുണയാണ് നമ്മുടെ ജീവിതമെന്നും ആ കരുണ അപരനോട് പങ്കുവയ്ക്കുമ്പോളാണ് നാം ദൈവത്തോട് നന്ദി കാണിക്കുന്നതെന്നും പ്രഭാഷണം നടത്തിയ ഫാ. ജേക്കബ് മഞ്ഞളി പറഞ്ഞു.

ഉച്ചയ്ക്ക് നടന്ന സുവിഷേഷ സംഘം സമ്മേളനത്തിൽ ഡോ. ഏബ്രഹാം മാർ സെറാഫിം പ്രഭാഷണം നടത്തി. വിട്ടുവീഴ്ചയില്ലാത്ത പ്രാർഥനാരീതി എല്ലാവർക്കും വേണമെന്നും ശരിയായ ആരാധനയുണ്ടെങ്കിൽ ഏതു മേഖലയിലും ആത്മാർഥമായി പ്രവർത്തിക്കാൻ കഴിയുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാന പ്രസംഗം നടത്തി. പ്രഫ. ഡോ. ചെറിയാൻ തോസ്, കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത, ഫാ. ബിജു മാത്യൂസ്, ജനറൽ കൺവീനർ സണ്ണി വർഗീസ് എന്നിവർ പ്രസംഗിച്ചു.