കോയിപ്രത്തു കുടിവെള്ളം കിട്ടാക്കനി

11:28 PM Feb 08, 2017 | Deepika.com
കോഴഞ്ചേരി: കോയിപ്രം ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാകുന്നു. പഞ്ചായത്തിന്റെ സമതല പ്രദേശമായ കുമ്പനാട് ഭാഗത്താണ് കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. കുമ്പനാട് ജംഗ്ഷൻ, ഫെലോഷിപ്പ് ആശുപത്രി ഭാഗം, കിഴക്കൻ വെള്ളിക്കര, ഐരാക്കാവ് ലക്ഷം വീട് കോളനി, നെല്ലിമല ഗുരമന്ദിരം, നെല്ലിമല മുകളിക്കമല എന്നിവിടങ്ങളിലെ പൈപ്പുകളിൽ പോലും വെള്ളമെത്തിയിട്ട് ആഴ്ചകളായി. കിലോമീറ്ററുകൾ നടന്നും വാഹനങ്ങളിലുമാണ് ആളുകൾ വെള്ളം ശേഖരിക്കുന്നത്.

വടശേരിക്കര ഭാഗത്ത് കനാൽ ഇടിഞ്ഞതുമൂലം ഈ പ്രദേശത്ത് കടന്നുപോകുന്ന കനാലിലും വെള്ളമില്ല. ഇതുമൂലം വ്യാപകമായ കൃഷിനാശം ഉണ്ടായി. കോയിപ്രം കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന ഫാം കൃഷിക്ക് പ്രയോജനം ലഭി്ച്ചില്ല. കുമ്പനാട് ജംഗ്ഷനിലെ വ്യാപാര സ്‌ഥാപനങ്ങൾ മുഖ്യമായും പൈപ്പുവെള്ളത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ കുറെനാളുകളായി ഇവിടുത്തെ പൈപ്പുകളിൽ വെള്ളം എത്തുന്നില്ല. വില കൊടുത്താണ് വെള്ളം വാങ്ങുന്നത്. ലോറികളിലെത്തിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര പരിശോധനകളും നടത്താറില്ല. പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളായ ആന്താലിമൺ, കാഞ്ഞിരപ്പാറ എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം ഏറെയാണ്. കോയിപ്രം ശുദ്ധജല പദ്ധതി ഉണ്ടെങ്കിലും പൂർണസജ്‌ജമല്ല. പമ്പാനദിയിലെ പൂവത്തൂർ കോന്നാത്ത് കടവിൽ നിന്നും വെള്ളം ശേഖരിച്ച് കാഞ്ഞിരപ്പാറയിലുള്ള ടാങ്കിൽ സംഭരിച്ചതിനു ശേഷമാണ് വാർഡുകളിലേക്ക് പൈപ്പുവെള്ളം എത്തിക്കുന്നത്. എന്നാൽ രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമാണ് പമ്പിംഗ് നടക്കുന്നത്. കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്ന ആന്താലിമണ്ണിൽ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ വിഹിതവും രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യന്റെ പ്രാദേശിക വികസന ഫണ്ടിലെ തുകയുപയോഗിച്ച് ആരംഭിച്ച ആന്താലിമൺ ശുദ്ധജല പദ്ധതിയിലൂടെയുള്ള വെള്ളവും പൂർണമായി കോളനി നിവാസികൾക്ക്് ലഭിക്കുന്നില്ല. ആന്താലിമൺ ശുദ്ധജലപദ്ധതി പൂർണസജ്‌ജമാക്കുന്നതിനുവേണ്ടി കുറവൻകുഴിയിലുള്ള പഞ്ചായത്ത് വക കുളം നവീകരിക്കുന്നതിനും അധികത്തിൽ മോട്ടോറുകൾ സ്‌ഥാപിച്ച് ആന്താലിമൺ കോളനിയിൽ ശുദ്ധീകരിച്ച് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് ആവശ്യമായ തുക ജില്ലാ പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ നിർമാണ ജോലികൾ യുദ്ധകാലാടിസ്‌ഥാനത്തിൽ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി പറഞ്ഞു.

കോയിപ്രം, പുറമുറ്റം ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സുബിൻ നീറുംപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അവിനാഷ് വി. ജേക്കബ്, അരുൺ കമലോത്പവൻ, ടിജി, ജിജു എന്നിവർ പ്രസംഗിച്ചു.