ശബരിമലയ്ക്കടുത്ത് വിമാനത്താവളം;സർക്കാർ നടപടികൾ ആരംഭിച്ചു

11:28 PM Feb 08, 2017 | Deepika.com
റാന്നി: ശബരിമലയ്ക്കടുത്ത് വിമാനത്താവളം സ്‌ഥാപിക്കുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചു. ഇതു സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ഗതാഗതവകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു.

നിയമസഭയിൽ രാജു ഏബ്രഹാം എംഎൽഎ സബ്മിഷനായി ഈ വിഷയം ഉന്നയിച്ചതിനേത്തുടർന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിമാനത്താവള നിർമാണത്തിന് അടിയന്തര തുടർ നടപടി ഉറപ്പു നൽകിയിരുന്നു. ഇതാണ് ഇപ്പോൾ തത്വത്തിൽ അംഗീകാരം നൽകി പ്രാഥമിക റിപ്പോർട്ട് നൽകാൻ ഗതാഗതവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

ശബരിമലയ്ക്കടുത്ത് ളാഹ, ചെറുവള്ളി, കുമ്പഴ എന്നിവിടങ്ങളിൽ എവിടെയെങ്കിലും വിമാനത്താവളം നിർമിക്കണമെന്നാണ് സബ്മിഷനിലൂടെ എംഎൽഎ ആവശ്യപ്പെട്ടത്. വിമാനത്താവളം നിർമിക്കുന്നതിന് അനുയോജ്യമായ സ്‌ഥലം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നത് ഈ രംഗത്ത് പ്രവർത്തിക്കുന്ന അന്തർദേശീയ നിലവാരമുള്ള കമ്പനികളാണ്. കണ്ണൂർ വിമാനത്താവളം സംബന്ധിച്ചാണ് ഇത്തരത്തിൽ ഒരു സാധ്യതാ പഠനം നടത്തിയത്.

ഗതാഗതവകുപ്പ് സെക്രട്ടറി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സാധ്യതാ പഠനം നടത്തുന്നതിനുള്ള കമ്പനിയെ നിശ്ചയിക്കുന്നത്. സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങളായ കിറ്റ്കോ, കെഎസ്ഐഡിസി, നാറ്റ്പാക് തുടങ്ങിയ ഏതെങ്കിലും ഏജൻസിയെയാകും സർക്കാർ ചുമതലപ്പെടുത്തുന്നത്.

പമ്പയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ശബരിമല അവലോകന യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തിയപ്പോൾ ശബരിമലയ്ക്ക് സമീപം വിമാനത്താവളം നിർമിക്കണമെന്ന് നിർദേശം മുഖ്യമന്ത്രി വച്ചിരുന്നു. നിലവിൽ ശബരിമലയ്ക്ക് സമീപം പെരുനാട്ടിലും നിലയ്ക്കലിലും ഹെലിപാഡുകൾ നിർമിച്ചിട്ടുണ്ട്. ഇത്തവണത്തെ ശബരിമല തീർഥാടനകാലത്ത് നിലയ്ക്കലിലെ ഹെലിപാഡ് കേന്ദ്രീകരിച്ചാണ് നേവിയുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകൾ ശബരിമലയിൽ നടത്തിയത്. ഇത് വൻ വിജയമായിരുന്നു. ദേവസ്വംബോർഡ് മുൻകൈയെടുത്താണ് ഇത്തവണ ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.