വികസനസമിതി തീരുമാനവും പരിഗണിച്ചില്ല, റാന്നി ബസ് പുനരാരംഭിച്ചില്ല

11:28 PM Feb 08, 2017 | Deepika.com
മല്ലപ്പള്ളി: കെഎസ്ആർടിസി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നു റാന്നിയിലേക്കുള്ള ഏക ഷെഡ്യൂൾ പുനരാരംഭിക്കണമെന്ന താലൂക്ക് വികസനസമിതി യോഗത്തിലെ പ്രമേയത്തിനും പുല്ലുവില. എംഎൽഎമാരും ഇതര ജനപ്രതിനിധികളും അടങ്ങുന്ന വികസനസമിതി യോഗത്തിന്റെ പ്രമേയം കെഎസ്ആർടിസിക്കു നൽകിയിട്ടു മൂന്നുമാസമായി. എന്നാൽ നിർത്തിവച്ച ഷെഡ്യൂൾ പുനരാരംഭിക്കാൻ അധികൃതർ തയാറാകുന്നില്ല.

റാന്നിയിലേക്കുണ്ടായ ഏക ഷെഡ്യൂൾ പുനഃക്രമീകരിച്ച് ആരംഭിച്ച സർവീസുകൾ മെച്ചമല്ല. ഇതിലും ലാഭകരമായി റാന്നിയിലേക്ക് രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പുകൾ ഓടിച്ചിരുന്നതാണെന്ന് കെഎസ്ആർടിസി അധികൃതർ തന്നെ സമ്മതിക്കുന്നു. 15 ഓളം സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്ന മല്ലപ്പള്ളി – റാന്നി റൂട്ടിൽ രണ്ട് ഷെഡ്യൂളുകളുമായാണ് കെഎസ്ആർടിസി കടന്നുകയറിയത്. ഒരെണ്ണം ഏതാനും മാസങ്ങൾ മാത്രമേ ഓടിയുള്ളൂ. രണ്ടാമത്തെ ഷെഡ്യൂൾ ഒരുവർഷത്തിലധികം ഓടിച്ചെങ്കിലും പിന്നീട് നിർത്തിവച്ചു. സമയം പുനഃക്രമീകരിച്ച് ലാഭകരമായി റാന്നി റൂട്ടിൽ സർവീസ് നടത്താനാകും. മറ്റു സ്‌ഥലങ്ങളിലേക്കുള്ള സർവീസുകൾ പോലും ഷെഡ്യൂൾ പുനഃക്രമീകരിച്ച് റാന്നിയിലേക്ക് ദീർഘിപ്പിക്കണമെന്നാവശ്യമുണ്ട്. നേരത്തെ ചങ്ങനാശേരി – റാന്നി ചെയിൻ സർവീസ് കെഎസ്ആർടിസി പരിഗണിച്ചിരുന്നതാണ്.