ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

11:28 PM Feb 08, 2017 | Deepika.com
പത്തനംതിട്ട: വൈദ്യുതി ഉപഭോക്‌താക്കളുടെ കുടിശിക നിവാരണത്തിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. രണ്ട് വർഷത്തിലധികമുള്ള കുടിശികകളാണു പദ്ധതിയിൽ ഉൾപ്പെടുന്നത്. റവന്യു റിക്കവറി നടപടികളും കോടതിയുടെ പരിഗണനയിലുള്ളതും തർക്കമുള്ളതുമായ കുടിശികകൾ ഉള്ളവർക്കും പദ്ധതിയിൽ അപേക്ഷിക്കാം.

മുമ്പ് തീർപ്പായ പരാതികൾ പുനഃപരിശോധിക്കില്ല. വൈദ്യുതി മോഷണം, അനധികൃത ദുരുപയോഗം എന്നിവ പരിഗണിക്കില്ല. കുടിശിക തീർപ്പാക്കുമ്പോൾ മുഴുവൻ തുകയും ഒന്നിച്ച് അടയ്ക്കണം. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, തദ്ദേശ സ്‌ഥാപനങ്ങൾ എന്നിവയ്ക്ക് പിഴപ്പലിശയോടെ ആറുമാസ ഗഡുക്കളായി അടയ്ക്കാം. രണ്ടു മുതൽ അഞ്ച് വർഷം വരെയുള്ള കുടിശികയ്ക്ക് എട്ടു ശതമാനവും അഞ്ചു വർഷം കഴിഞ്ഞ കുടിശികയ്ക്ക് ആറു ശതമാനവും പലിശ ഈടാക്കും. മുതലും പലിശയും ഒന്നിച്ചു അടയ്ക്കുന്നവർക്ക് പിഴപ്പലിശയിൽ രണ്ട് ശതമാനം ഇളവ് ലഭിക്കും. റവന്യു റിക്കവറി നടപടികൾ പദ്ധതിയിൽ തീർപ്പായാൽ റവന്യു വകുപ്പിന്റെ കളക്ഷൻ ചാർജ് കൂടി നൽകണം. കോടതിയുടെ പരിഗണനയിലുള്ളവ തീർപ്പാക്കാൻ കേസുകൾ പിൻവലിക്കണം. അപേക്ഷ അതത് സെക്ഷൻ ഓഫീസുകളിൽ മാർച്ച് 25 വരെ സ്വീകരിക്കും.