അങ്ങാടിപ്പുറം: ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഗ്രാമപഞ്ചായത്തുകൾ പ്രവർത്തനം ചിട്ടപ്പെടുത്തണമെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മങ്കട ഗ്രാമപഞ്ചായത്ത് പുതിയ മന്ദിരത്തിന് ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് പരിപൂർണമായ അധികാരം നൽകി ജനകീയമാക്കി മാറ്റുന്നതിന് സംസ്ഥാനത്ത് മാറി മാറി വന്ന സർക്കാരുകൾക്ക് സാധിച്ചിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തെ പൊളിച്ചെഴുതാൻ അനുവദിക്കാൻ പാടില്ല.
ഓരോ പ്രദേശങ്ങളിൽ ജനങ്ങൾക്ക് വ്യത്യസ്ഥമായ ആവശ്യങ്ങളാണുണ്ടാകുക. പ്രദേശത്തെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ പഞ്ചായത്തുകൾക്കാകണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഇ-പേയ്മെന്റ് സംവിധാനം, മങ്കട ഫുഡ്സേഫ്റ്റി ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും, വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണവും സ്പീക്കർ നിർവഹിച്ചു. ടി.എ.അഹമ്മദ് കബീർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉമർ അറക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.രമണി, വൈസ് ്പ്രസിഡന്റ് പി.അബ്ബാസലി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.മുരളീധരൻ, കെ.സുഗുണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ടി.സലീന ടീച്ചർ, ടി.കെ.റഷീദലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാലി സേവ്യർ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ നസീമ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റസിയ പൂന്തോട്ടത്തിൽ, ജാസ്മിൻ ആലങ്ങാടൻ, കെ.ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗം വി.കെ.മൻസൂർ, സെക്രട്ടറി സുനിൽകുമാർ പത്തായക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.
ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പഞ്ചായത്തുകൾ പ്രവർത്തിക്കണം: സ്പീക്കർ
01:05 AM Feb 08, 2017 | Deepika.com