ഹരിതകേരളം : എല്ലാ പഞ്ചായത്തുകൾക്കും രൂപരേഖ ഉണ്ടാകണം

11:35 PM Jan 06, 2017 | Deepika.com
പത്തനംതിട്ട:ഹരിതകേരളം മിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകൾക്കും രൂപരേഖ ഉണ്ടാകണമെന്ന് ജില്ലാ മിഷൻ ചെയർപേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്ന യോഗം നിർദേശിച്ചു. വീണാ ജോർജ് എംഎൽഎ, ജില്ലാ കളക്ടർ ആർ.ഗിരിജ എന്നിവർ സന്നിഹിതരായിരുന്നു.ഹരിതകേരളം മിഷൻ സംസ്‌ഥാന വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ. സീമയുടെ അധ്യക്ഷതയിൽ 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ടയിൽ അവലോകന യോഗം നടക്കും. ഇതിൽ അവതരിപ്പിക്കുന്നതിനുള്ള റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾ 12നകം ജില്ലാ പ്ലാനിംഗ് ഓഫീസിലെത്തിക്കണം. ഹരിതകേരളം പദ്ധതികൾ നടപ്പാക്കുന്നതിന് പഞ്ചായത്ത് തലത്തിൽ ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട സമിതി രൂപീകരിക്കും. പ്ലാസ്റ്റിക് സംഭരിച്ച് ക്ലീൻ കേരളയ്ക്ക് നൽകുന്ന പദ്ധതി ആറന്മുള മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നടപ്പാക്കുമെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു. പേപ്പർ ഗ്ലാസുകൾ ഒഴിവാക്കാൻ പഞ്ചായത്തുകൾ തീരുമാനിക്കണമെന്ന് ജില്ലാ കളക്ടർ ആർ.ഗിരിജ പറഞ്ഞു. ജലസംരക്ഷണത്തിന്റെ ഭാഗമായി ജില്ലയിൽ 230 കുളങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകൾ പ്ലാൻ ഫണ്ട് കൂടി വിനിയോഗിക്കണമെന്ന് യോഗം നിർദേശിച്ചു. തദ്ദേശസ്‌ഥാപന പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ കമലാസനൻ നായർ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു.