പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ മുതൽ

11:35 PM Jan 06, 2017 | Deepika.com
പത്തനംതിട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെയും ഒമ്പതിനുമായി കോന്നിയിൽ നടക്കും. 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാളെ രാവിലെ 10ന് പതാക ഉയർത്തൽ, തുടർന്ന് ജില്ലാ കമ്മിറ്റി, കൗൺസിൽ യോഗങ്ങൾ ചേരും. കോന്നി വൈസ്മെൻസ് ക്ലബ് ഓഡിറ്റോറിയത്തിലെ എച്ച്. ഹസൻ നഗറിലാണ് സമ്മേളനം. ഒമ്പതിനു രാവിലെ 10ന് ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, മറിയാമ്മ ചെറിയാൻ, സംസ്‌ഥാന പ്രസിഡന്റ് കെ.കരുണാകരൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ജോർജ് മാമ്മൻ കൊണ്ടൂർ തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.

സൗജന്യ ചികിത്സാ പദ്ധതി പെൻഷൻകാർക്കു നടപ്പാക്കണമെന്നും ക്ഷാമബത്ത കുടിശിക അനുവദിക്കുക, നോട്ട് പ്രതിസന്ധിയേ തുടർന്ന് പെൻഷൻകാർ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്തുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ്, ജനറൽ കൺവീനർ എൻ. സുന്ദരൻ നായർ, കെ. സോമനാഥൻപിള്ള, അസീസുകുട്ടി, ലീലാ രാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.