ബസിനു പിറകിൽ ബൈക്കിടിച്ച് യുവാവു മരിച്ചു

03:48 AM Jan 06, 2017 | Deepika.com
നെല്ലായി: ദേശീയ പാതയിൽ ബൈക്ക് നിർത്തിയിട്ട ബസിന് പിറകിലിടിച്ച് അപകടം. ഒരു മരണം. ഒരാൾക്ക് പരിക്ക്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്ന വാഹനങ്ങൾ ടോൾപ്ലാസയിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി.ചെങ്ങാലൂർ എസ്.എൻ.പുരം തോട്ട്യാൻ ജോണിന്റെ മകൻ ജിതിനാ(26)ണ് മരിച്ചത്. ഇയാളോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ചെങ്ങാലൂർ ചിറ്റിയേത്ത് സുബ്രന്റെ മകൻ സലീഷി(22)ന് നിസാര പരിക്കുണ്ട്. ഇയാൾ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു അപകടം.

നെല്ലായി ആനന്ദപുരം റോഡിനു സമീപം നിർത്തിയ ബസിനു പിറകിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.തുടർന്ന് പരിക്കേറ്റവരെ രണ്ട് വാഹനങ്ങളിലായി തൃശൂരിലേക്ക് കൊണ്ടുപോയി. എന്നാൽ പാലിയേക്കര ടോൾപ്ലാസയിലെ വാഹനക്കുരുക്കിൽ അകപ്പെടുകയായിരുന്നു. ദേശീയപാതയിലെ ആറ് വരിയിലും വാഹനങ്ങൾ നിറഞ്ഞു കിടന്നതിനാൽ എമർജൻസി ട്രാക്ക് തുറന്നുകൊടുക്കാനും കഴിഞ്ഞില്ല.

അവസാനം വാഹനങ്ങളിൽ നിന്നിറങ്ങിയ യാത്രക്കാരാണ് ഗതാഗതം നിയന്ത്രിച്ച് ടോൾ ബൂത്ത് തുറന്നുകൊടുത്തത്. ആശുപത്രിയിൽ എത്തുമ്പോൾ ജിതിൻ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അയൽക്കാരും കാറ്ററിംഗ് തൊഴിലാളികളുമാണ് ജിതിനും സലീഷും. ജിതിന്റെ അമ്മ: ലീന. സഹോദരൻമാർ: ലിനിത്ത്, ജോസഫ്.