നാടിനെ കണ്ണീരണിയിച്ച് പ്രിയപ്പെട്ടവർക്കു യാത്രാമൊഴി

03:48 AM Jan 06, 2017 | Deepika.com
പഴയന്നൂർ: നാടിനെ നടുക്കിയ കാസർഗോഡ് വാഹനദുരന്തം അറിഞ്ഞ് നാടിൻറെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ചേലക്കര നാട്യൻചിറ മരണമടഞ്ഞ രാമനാരായണൻറെ ഭവനത്തിലേക്ക് എത്തിയത്. മുറ്റത്തായി ഒരു വീട്ടിലെ മൂന്നുപേരുടെ മൃതദേഹം വച്ചിരിക്കുന്ന കാഴ്ച കരളലിയിക്കുന്നതാണ്.

പോസ്റ്റമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ വിവിധ മേഖലകളിൽനിന്നെത്തിയവർ അന്തിമോപചാരമർപ്പിച്ചു.നാട്യൻചിറ ഗ്രാമം കണ്ണീർക്കടലായിമാറി. വന്നവർ തൻറെ വൈദ്യരുടെയും കുടുംബത്തിന്റെയും ദേഹവിയോഗത്തിൽ മനംനൊന്ത് വിങ്ങിപ്പൊട്ടുന്നത് കാണാമായിരുന്നു. രാവിലെതന്നെ ചേലക്കര എംഎൽഎ യു.ആർ.പ്രദീപ്, ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ.തുളസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, കോൺഗ്രസ് പ്രസിഡൻറ് ഇ.വേണുഗോപാലമേനോൻ, ചേലക്കര പഞ്ചായത്ത് പ്രസിഡൻറ് ആർ.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് എം.പത്മകുമാർ എന്നിവരെത്തി ആദരാഞ്ജലികളർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാമ്പാടി യിൽ സംസ്കരിച്ചു. വീട്ടിലെ അവശേഷിച്ച അംഗങ്ങളായ ഡോ. രജിത, രഞ്ജിത എന്നിവരെ നാട്ടുകാർ ചേർന്ന് ആശ്വസിപ്പിച്ചു.