യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

03:39 AM Jan 06, 2017 | Deepika.com
പെരിന്തൽമണ്ണ : വാടക ക്വാർട്ടേഴ്സിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ ജൂബിലി റോഡിൽ പുല്ലാനിക്കുണ്ടൻ ഷെമി(32)യെയാണ് കുന്നപ്പള്ളി അടിവാരത്തെ താമസസ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മക്കൾ സ്കൂളിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. ജനലിന്റെ അഴിയിൽ കെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം.

കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ വാർഡ് കൗൺസിലറെയും പോലീസിനെയും വിവരമറിയിച്ചു. താഴേക്കോട് അരക്കുപറന്പ് ചിതലിക്കുന്നൻ അബ്ബാസ് (മണി) ആണ് ഷെമിയുടെ ഭർത്താവ്. വിദേശത്ത് പോകുന്നതിനുള്ള രേഖകൾ ശരിയാക്കാൻ അബ്ബാസ് രാവിലെ വീട്ടിൽ നിന്ന് പോയെന്നാണ് കുട്ടികൾ പറയുന്നത്. മരണവിവരമറിഞ്ഞ് അബ്ബാസിനെ അന്വേഷിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നേരത്തെ മാനത്തുമംഗലം ഭാഗത്താണ് അബ്ബാസും കുടുംബവും താമസിച്ചിരുന്നത്. രണ്ടരമാസം മുന്പാണ് ഇവർ അടിവാരം വെട്ടിറോഡിലെ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്.

ജൂബിലി റോഡിൽ പുല്ലാനിക്കുണ്ടൻ മുഹമ്മദിൻറെയും സഫിയയുടെയും മകളാണ് ഷെമി. മക്കൾ: റിസ്വാൻ, ഫർഹാൻ, സഫ്ന. സഹോദരങ്ങൾ സാബിറ, സലീന. പെരിന്തൽമണ്ണ സിഐ സാജു കെ.ഏബ്രഹാം, എസ്ഐ വി.പ്രമോദ് എന്നിവർ സ്‌ഥലം സന്ദർശിച്ചു. ഇന്നു രാവിലെ മൃതദേഹം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.