ഉത്സവം– 2017 ന് കോട്ടക്കുന്നിൽ തുടക്കമായി

02:07 AM Jan 06, 2017 | Deepika.com
മലപ്പുറം: അന്യം നിന്നു പോകുന്ന കേരളത്തിലെ കലാരൂപങ്ങൾക്കും കലാകാരന്മാർക്കും പുതുജീവൻ സമ്മാനിക്കുന്നതാണ് ടൂറിസം വകുപ്പിന്റെ ഉത്സവം പരിപാടിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളം കേരളമാകുന്നത് മഹത്തായ കലാരൂപങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്.

പുതിയ കലാരൂപങ്ങളെ സ്വീകരിക്കുന്നതോടൊപ്പം നമ്മുടെ പഴമയെയും സംസ്കാരത്തെയും കേരളത്തിന്റെ തനതു കലാരൂപങ്ങളെയും സംരക്ഷിത സ്മാരകം പോലെ നിലനിർത്തേണ്ടത് പുതിയ തലമുറയുടെ ബാധ്യതയാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ തനത് കലാരൂപങ്ങൾക്ക് ആദരമർപ്പിച്ച് സംസ്‌ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം– 2017 ന്റെ ഉദ്ഘാടനം മലപ്പുറം കോട്ടക്കുന്നിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി.

പരിപാടിയിൽ പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, ജില്ലാ കളക്ടർ അമിത് മീണ, ടൂറിസം ഡയറക്ടർ യു.വി.ജോസ്, കെടിഡിസി എം.ഡി.ബാലമുരളി, കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി ഡോ.എ.കെ. നമ്പ്യാർ, തുടങ്ങിയവർ പ്രസംഗിച്ചു.