മഞ്ചേരി മെഡിക്കൽ കോളജ്: ന്യൂനതകൾ ഉടൻ പരിഹരിക്കണമെന്ന് ഹൈക്കോടതി

02:07 AM Jan 06, 2017 | Deepika.com
മഞ്ചേരി: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് നേരിടുന്ന അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉടൻ പരിഹരിക്കണമെന്ന് കേരള ഹൈക്കോടതി സർക്കാരിനോടാവശ്യപ്പെട്ടു. 2013ൽ സ്‌ഥാപിതമായ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവം മൂലം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് ഏറെ പ്രയാസം നേരിടുകയാണ്. എം ബി ബി എസ് നാലാം ബാച്ചിലേക്ക് പ്രവേശനം കഴിഞ്ഞിട്ടും വിദ്യാർഥികളുടെ താമസ സൗകര്യത്തിന് പരിഹാരമായിട്ടില്ല. ചുരുങ്ങിയത് 375 പേർക്ക് താമസ സൗകര്യമുള്ള ഹോസ്റ്റൽ വേണം. ഇത് ആൺകുട്ടികൾക്കും പെൺകുട്ടികൾ വെവ്വേറെ സൗകര്യപ്പെടുത്തണം.

ഇപ്പോൾ ആശുപത്രി കെട്ടിടത്തിലെ മൂന്ന്, നാല് നിലകളിലാണ് ഹോസ്റ്റൽ. ഇത് രോഗികളെ പ്രവേശിപ്പിക്കാനുള്ള വാർഡുകളാണ്. റസിഡന്റ് ഡോക്ടർമാരും താമസിക്കുന്നത് ഇവിടെ തന്നെ. ഹൗസ് സർജൻമാർ, നഴ്സുമാർ, നോൺ ടീച്ചിംഗ് സ്റ്റാഫ് എന്നിവർക്ക് ക്വാർട്ടേഴ്സ് ഇല്ല. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ കൂടെയാണ് താമസിക്കുന്നത്. അഞ്ച് ലക്ചർ ഹാളുകൾ വേണ്ടിടത്ത് മൂന്നെണ്ണം മാത്രമാണുള്ളത്. സ്കിൽ ലാബ് വിത്ത് മാനെക്വിൻസ്, സെൻട്രൽ റിസേർച്ച് ലബോറട്ടറി, അനിമൽ ലബോറട്ടറി വിത്ത് അനിമൽ ഹൗസ് എന്നിവ ഇല്ല. കാന്റീൻ ഉണ്ടെങ്കിലും കിച്ചൺ ഇല്ല.

കുട്ടികൾ കളിക്കാനായി ഒരുക്കിയ മൈതാനം പരിമിതമായതിനാൽ എം സി ഐ അംഗീകരിച്ചിട്ടില്ല. ക്ലിനിക്കൽ ഒ പി കളിലെ സൗകര്യം അപര്യാപ്തമാണ്. കുടിവെള്ള വിതരണത്തിനും ശാശ്വത പരിഹാരമായിട്ടില്ല.

ഇത്തരം കാര്യങ്ങളിൽ പരിഹാരമുണ്ടാകാത്ത പക്ഷം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭ്യമാകുന്നത് പ്രയാസമാകും. എം സി ഐ അംഗീകാരമില്ലാത്ത കോളജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ഉപരിപഠനത്തിനോ പ്രാക്ടീസിനോ അനുമതി ലഭിക്കില്ലെന്നതിനാൽ നൂറുക്കണക്കിന് എം ബി ബി എസ് വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്.

ഇത് മുന്നിൽ കണ്ട് പി ടി എ പ്രസിഡണ്ട് അഡ്വ. എം എം അഷ്റഫ്, ം വിദ്യാർത്ഥി യൂണിയൻ ചെയർമാൻ വിനായക് എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി വാദം കേട്ട കോടതി എം സി ഐ അംഗീകാരത്തിനായി കേന്ദ്രത്തെ സജ്‌ജമാക്കണമെന്നും ന്യൂനതകൾ ജനുവരി 31നകം പരിഹരിക്കണമെന്നും സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധന മെയ് മൂന്നിനകം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.