വിരമിച്ച ജീവനക്കാരെ ഇടനിലക്കാരാക്കി വനം വകുപ്പിൽ വൻ അഴിമതിയെന്ന് പരാതി

02:07 AM Jan 06, 2017 | Deepika.com
നിലമ്പൂർ: വനം വകുപ്പ് ഓഫീസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നത് വനം വകുപ്പിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്‌ഥരുൾപ്പെടെയുള്ളയവരെന്ന് പരാതി. എൻഒസി., സ്വകാര്യ ഭൂമിയിൽ നിന്ന് മരം മുറിക്കുമ്പോൾ വനം വകുപ്പ് നൽകേണ്ട പാസ്, വനത്തിനുള്ളിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ എന്നിവയ്ക്കെല്ലാം ഇടനിലക്കാരായി പ്രവർത്തിക്കുന്നത് ഇത്തരം വിരമിച്ച ജീവനക്കാർ തന്നെയാണ്.

സ്വകാര്യഭൂമിയിൽ നിന്നു മരം മുറിക്കുമ്പോൾ അതിന് അനുമതി(പാസ്) ലഭിക്കണമെങ്കിൽ രണ്ടു രൂപ മാത്രമാണ് വനം വകുപ്പിന് അടയ്ക്കേണ്ടത്. എന്നാൽ, സാങ്കേതിക തടസവാദമുന്നയിച്ച് സ്‌ഥലമുടമകളെ തെറ്റിദ്ധരിപ്പിച്ച് അയ്യായിരം രൂപവരെ വാങ്ങുന്ന ഇടനിലക്കാരായ വിരമിച്ച ജീവനക്കാരുണ്ടെന്ന് അറിയുന്നു.

കൂടാതെ, വനാതിർത്തികൾ പങ്കിടുന്ന സ്‌ഥലങ്ങൾ വിൽക്കുമ്പോൾ എൻഒസി ആവശ്യമായ സ്‌ഥലമുടമകളിൽ നിന്ന് ഇതിന്റെ മറവിലും വൻ തുകയാണ് ഈടാക്കുന്നത്. കൂടാതെ വനത്തിനുള്ളിൽ നടക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ നിർമാണ പ്രവൃത്തികളിലും ഇടനിലക്കാരായി ഇവർ പ്രവർത്തിക്കുന്നുണ്ട്.

സർവീസിലിരുന്ന കാലത്തെ ബന്ധങ്ങളുപയോഗിച്ചാണ് ഇവർ അഴിമതി നടത്തുന്നതെന്ന് പരാതിക്കാർ പറയുന്നു. പത്തോളം വിരമിച്ച ജീവനക്കാർ ദിവസവേതനത്തിൽ ശമ്പളം പറ്റുന്നവരുണ്ട്. പലപ്പോഴും ദിവസവേതനക്കാരായ വാച്ചർമാർക്കുള്ളതിൽ കുറവു വരുത്തിയാണ് ഇവർക്ക് വേതനം നൽകുന്നത്.

ഇക്കാര്യം പലപ്പോഴും വാച്ചർമാർ ഡിവിഷൻതല ഉദ്യോഗസ്‌ഥരെ വിവരമറിയിച്ചിരുന്നുന്നെങ്കിലും വാച്ചർമാരിൽ പലർക്കും തൊഴിൽ നഷ്‌ടപ്പെട്ടതല്ലാതെ ഇവർക്ക് കടിഞ്ഞാണിടാൻ ഉദ്യോഗസ്‌ഥർ തയ്യാറായിരുന്നില്ല. നിലമ്പൂർ നോർത്ത് ഡിവിഷനിൽപ്പെട്ട ഒരു റേഞ്ചിനു കിഴിൽ വനം വകുപ്പിന്റെ ഇടനിലക്കാരുടെ ഒരു സമാന്തരഓഫീസ് പ്രവർത്തിക്കുന്നുണ്ട്. വനത്തിനുള്ളിലെ ഓരോ പ്രവൃത്തികൾക്കും നിശ്ചിത ശതമാനം കമ്മീഷൻ വനപാലകർ വാങ്ങുമ്പോൾ നിയമക്കുടുക്കിൽ പെടാതിരിക്കാനാണ് ഇടനിലക്കാരായ ഇവരെ മറയാക്കി അഴിമതിക്കവസരമൊരുക്കുന്നത്. ഇടതുവലതു മുന്നണികൾ മാറി വരുമ്പോഴും രാഷ്ര്‌ടീയ സ്വാധീനം ഉപയോഗിച്ച് ഇത്തരക്കാർ അഴിമതി തുടരുകയാണ്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ വ്യാഴാഴ്ച നിലമ്പൂരിലെത്തിയ വനം മന്ത്രി കെ.രാജുവിന് ഇതു സംബന്ധിച്ച് സിപിഐ നേതാക്കൾ ഉൾപ്പെടെയുള്ളവർ പരാതി നൽകി.