മൈക്രോ ഫിനാൻസ് ലോൺ പീഡനമാകുന്നതായി പരാതി

02:07 AM Jan 06, 2017 | Deepika.com
പൂക്കോട്ടുംപാടം: മൈക്രോ ഫിനാൻസ് ലോൺ പീഡനമാകുന്നതായി പരാതി. ഇസാഫ് മൈക്രോ ഫിനാൻസിൽ നിന്നും വായ്പ്പ എടുത്തവരാണ് ബാങ്കിൽ നിന്നും ഭീഷണി നേരിടുന്നത്. കൃത്യമായി തിരിച്ചടവ് നടത്തിയിരുന്ന ഉപഭോക്‌താക്കൾ നോട്ട് പ്രതിസന്ധിയെ തുടർന്നാണ് അടവ് മുടക്കേണ്ടി വന്നത്. പഴയനോട്ടുകൾ വാങ്ങില്ല എന്ന് ഫീൽഡ് സ്റ്റാഫും ഏരിയാമാനേജരും പറഞ്ഞതിനെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയത്. നോട്ട് നിരോധനത്തെ തുടർന്ന് ആർബിഐ എല്ലാ ലോണുകൾക്കും മൂന്ന് മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു എങ്കിലും തങ്ങൾക്ക് അതൊന്നും ബാധകമല്ല എന്നാണ് ഇസാഫിന്റെ നിലപാട്. അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് വാർഡിൽ മാത്രം അഞ്ചോളം ഗ്രൂപ്പുകൾ ആണ് ഇസാഫിനുള്ളത്. പാട്ടക്കരിമ്പ് വാർഡിലെ ഇസാഫിന്റെ ഉപഭോക്‌താക്കൾ പൂക്കോട്ടുംപാടം പോലീസിലും, ഇസാഫ് ചെയർപേഴ്സൺ മെറീന പോളിനും പരാതി നൽകി. അമരമ്പലം പഞ്ചായത്തിലെ മറ്റ് സ്‌ഥലങ്ങളിലും ഇതേ പരാതികൾ നിലനിൽക്കുന്നുണ്ട്.