മലയോരം വരൾച്ചയുടെ പിടിയിൽ:കുലച്ച വാഴകൾ ഉണങ്ങി നശിച്ചു

02:07 AM Jan 06, 2017 | Deepika.com
കാളികാവ്: തുലാവർഷം നേരത്തെ നിലച്ചതോടെ മലയോര മേഖലയെ വരൾച്ച ബാധിക്കുന്നു. കാർഷിക വിളകളെയാണ് വരൾച്ച പിടകൂടുന്നത്. കൂരിപ്പൊയിൽ തട്ടാരുമുണ്ട പ്രദേശങ്ങളിൽ നെല്ല്, വാഴ കൃഷികളെല്ലാം മൂപ്പെത്തും മുമ്പ് വ്യാപകമായി ഉണങ്ങി നശിക്കുന്നുണ്ട്.

നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദിന്റെ കൃഷിടിയിടത്തിൽ വാഴകളാണ് വരൾച്ചയിൽ പാടെ നശിച്ചത്.പാട്ടത്തിനെടുത്ത സ്‌ഥലത്താണ് കുഞ്ഞിമുഹമ്മദ് വാഴകൃഷി നടത്തുന്നത്. പ്രദേശത്ത് ആയിരക്കണക്കിനു കൂല വാഴകളാണ് വരൾച്ച മൂലം ഒടിഞ്ഞ് വീണിരിക്കന്നത്. മൂപ്പെത്തുന്നതിനു മുന്നേയാണ് വാഴകൾ ഒടിഞ്ഞ് തൂങ്ങിയിരിക്കുന്നത്. മുൻ കാലങ്ങളിൽ ലഭിക്കാറുള്ള വേനൽ മഴയും ലഭിക്കാതെ വന്നാൽ വാഴത്തോട്ടത്തിൽ ബാക്കി യുള്ള വാഴകൾ കൂടി പൂർണ്ണമായി നശിക്കും.

ഏതാനും ദിവസം കൂടി കഴിഞ്ഞാൽ വാഴക്കുലകൾ വെട്ടിയെടുക്കാൻ കഴിയുമായിരുന്നു. സമീപത്തെ തോടുകളും നിരവധി കിണറുകളും വറ്റിവരണ്ടിട്ടുണ്ട്. ലോണെടുത്തും അല്ലാതെയും ആയിരക്കണക്കിന് രൂപയാണ് കൃഷിക്ക് വേണ്ടി പ്രദേശത്തുകാർ ചെലവിട്ടത് കുഞ്ഞിമുഹമ്മദിന്റെ പച്ചക്കറി കൃഷിയും ഉണങ്ങി നശിച്ചിട്ടുണ്ട്. കർഷകർക്ക് ആവശ്യമായ നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.