മതപ്രബോധന സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം: കെഎൻഎം

02:07 AM Jan 06, 2017 | Deepika.com
പെരിന്തൽമണ്ണ: ഇന്ത്യൻഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന പ്രബോധന പ്രചാരണ സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് പെരിന്തൽമണ്ണ ശിഫാ കൺവൻഷൻ സെന്ററിൽ നടന്ന മധ്യമേഖല മുജാഹിദ് പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു. നിയമാനുസൃതം മതപ്രബോധനം നടത്തുന്ന മതപ്രബോധകരെയും പണ്ഡിതന്മാരെയും ഒറ്റപ്പെടുത്തുകയും കരിനിയമങ്ങളിൽ പെടുത്തുന്ന പ്രവണതയും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.

സമൂഹത്തിലുണ്ടായ പ്രശ്നങ്ങളിൽ സ്വാതന്ത്ര അഭിപ്രായം പ്രകടിപ്പിക്കുന്ന സാഹിത്യകാരന്മാരെയും കലാകാരൻമാരെയും ഒറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങൾ അപലപനീയമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെസ ശത്രുക്കളായും എതിരാളികളായും കാണുന്ന പ്രവണത ശരിയല്ല. ജനുവരി 13, 14, 15 തീയതികളിൽ ദേശീയ പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കും.

ജനുവരി 26ന് ഐഎസ്എമ്മിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആസ്‌ഥാനങ്ങളിൽ യുവജാഗ്രതാ സദസുകൾ നടക്കും. സമ്മേളനം കെഎൻഎം സംസ്‌ഥാന ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. കേരള ജംഇയ്യത്തുൽ ഉലമ സംസ്‌ഥാന വർക്കിംഗ് പ്രസിഡന്റ് സി.പി.ഉമർസുല്ലമി അധ്യക്ഷത വഹിച്ചു. എം.മുഹമ്മദ് മദനി, എം.അബ്ദുറഹിമാൻ സലഫി, എ.അസ്കറലി, എം.ടി.അബ്ദുസമദ് സുല്ലമി, എന്നിവർ നേതൃത്വം നൽകി.