വനംവകുപ്പ് ജീവനക്കാരുടെ കുറവ് നികത്തും: മന്ത്രി കെ.രാജു

02:07 AM Jan 06, 2017 | Deepika.com
നിലമ്പൂർ: നിലമ്പൂരിലെ വനം വകുപ്പ് ജീവനക്കാരുടെ കുറവ് നികത്തുമെന്ന് വനം മന്ത്രി കെ.രാജു. നിലമ്പൂർ കനോലി പ്ലോട്ട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

പരിശീലനം പൂർത്തിയാക്കിയ ബിഎഫ്ഒമാരെ ഉടൻ ഒഴിവുകളിലേക്ക് നിയമിക്കും. വനം ജീവനക്കാർക്ക് ആവശ്യമായ സംരക്ഷണമില്ലെന്നുള്ള കാര്യം തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഉണ്ടെങ്കിൽ അക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയായ ശേഷം ആദ്യമായി നിലമ്പൂരിൽ എത്തിയ മന്ത്രി കനോലി പ്ലോട്ടും വുഡ് ഇൻഡസ്ട്രീസും സന്ദർശിച്ചു. പരിസ്‌ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കനോലി പ്ലോട്ടിൽ ലഭിക്കുന്ന വരുമാനത്തിൽ ഒരുഭാഗം ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകി.

ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരം കണ്ട മന്ത്രി, കൂടെയുണ്ടായിരുന്ന പി.വി.അൻവർ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ പദ്മിനി ഗോപിനാഥ് മരത്തിന് ചുറ്റും കൈകോർത്ത് നിന്ന് തേക്ക് മുത്തശിക്ക് ആദരവ് അർപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

സിസിഎഫ് എൽ ചന്ദ്രശേഖർ, നിലമ്പൂർ സൗത്ത് ഡിഎഫ്ഒ കെ.സജി, റേഞ്ച് ഓഫീസർമാർ, സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീർ, പി.എം.ബഷീർ, ആർ പാർത്ഥസാരഥി, ടി.കെ.ഗിരീഷ് കുമാർ, കെ.മനോജ്, ഇസ്മായീൽ എരഞ്ഞിക്കൽ, എം.മുജീബ് റഹ്മാൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.