ജില്ല അസോസിയേഷൻ – കുവൈറ്റ്സ്കോളർഷിപ്പ് വിതരണം നാളെ

11:34 PM Jan 05, 2017 | Deepika.com
പത്തനംതിട്ട: കുവൈറ്റിലെ പത്തനംതിട്ട ജില്ലക്കാരായ പ്രവാസികളുടെ സാമൂഹിക, സേവനസംഘടനയായ ജില്ലാ അസോസിയേഷൻ – കുവൈറ്റിന്റെ ഇക്കൊല്ലത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണം നാളെ രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ 50 പഞ്ചായത്തുകളിൽ നിന്നുള്ള 100ൽപരം കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസം, കലാ, കായികം എന്നീ മേഖലകളിൽ കഴിവു തെളിയിച്ചവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 2014ലാണ് പദ്ധതിക്കു തുടക്കമിട്ടത്.

നാളെ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ, സാമൂഹിക, രാഷ്ര്‌ടീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. അട്ടത്തോട് ഗവൺമെന്റ് ട്രൈബൽ സ്കൂളിനു പഠനോപകരണങ്ങൾ വാങ്ങാനുള്ള ധനസഹായവും കലാ കായിക രംഗങ്ങളിൽ സംസ്‌ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ജില്ലയുടെ യശസ് ഉയർത്തിയ പ്രതിഭകളെ ആദരിക്കലും ചടങ്ങിൽ നടക്കും. അസോസിയേഷൻ പ്രസിഡന്റ് കെ. ജയകുമാർ, ജനറൽ സെക്രട്ടറി ബെന്നി ജോർജ്, കോ ഓർഡിനേറ്റർ ഏബ്രഹാം ദാനിയേൽ, ജനറൽ കൺവീനർ പി.ടി. സാമുവേൽകുട്ടി, സെക്രട്ടറി ജിതിൻ ജോസ്, കൺവീനർ വർഗീസ് പോൾ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.