ടിന്നിൽ നിറച്ച ശീതളപാനീയം വിറ്റതിന് അറസ്റ്റിൽ

11:34 PM Jan 05, 2017 | Deepika.com
ശബരിമല: കോടതി ഉത്തരവ് മറികടന്ന് ടിന്നുകളിൽ നിറച്ച ശീതളപാനീയം വിതരണം ചെയ്ത കേസിൽ കടയുടമ അറസ്റ്റിൽ. ആലപ്പുഴ മാവേലിക്കര നൂറനാട് പറയൻകുളം നെല്ലിവിള താഴേപുരവീട്ടിൽ രമേശ (45) നെയാണ് സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തത്. ചരൽമേട് ഭാഗത്ത് പത്താം നമ്പർ സ്റ്റാളിൽനിന്നുമാണ് അമ്പത് കെയ്സ് ടിന്നിൽ നിറച്ച ശീതളപാനീയം പിടികൂടിയത്. ശബരിമലയിലും പരിസരപ്രദേശങ്ങളിലും പാരിസ്‌ഥിതിക പ്രശ്നം ഉണ്ടാക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ടിന്നുകളിൽ നിറച്ച ശീതളപാനീയ വില്പന കോടതി നിരോധിച്ചത്. നേരത്തെ അപ്പാച്ചിമേട്ടിലെ കടയിൽനിന്നും ടിന്നുകളിൽ നിറച്ച ശീതള പാനീയം പിടിച്ചെടുത്തിരുന്നു. എസ്ഐ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.